ഇന്ത്യയും പാകിസ്താനും തമ്മിൽ ഗാന്ധി-ജിന്ന ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു; പിസിബി മുൻ ചെയർമാൻ

ഇന്ത്യയും പാകിസ്താനും തമ്മിൽ ഗാന്ധി-ജിന്ന ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുൻ ചെയർമാൻ സക അഷ്റഫ്. താൻ പിസിബി ചെയർമാൻ ആയിരുന്ന സമയത്ത് ബിസിസിഐക്ക് മുന്നിൽ ഇങ്ങനെ ഒരു നിർദ്ദേശം വച്ചിരുന്നു എന്നും ബിസിസിഐ അത് തള്ളി എന്നും അദ്ദേഹം പറഞ്ഞു. അതിനു കാരണം നരേന്ദ്രമോദി സർക്കാർ ആണെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ചെയർമാനായിരുന്ന സമയത്ത്, നമുക്ക് ജിന്ന-ഗാന്ധി പരമ്പര നടത്താമെന്ന് പറഞ്ഞിരുന്നു. രണ്ട് രാജ്യങ്ങളുടെയും മഹാന്മാരായ നേതാക്കളാണ് അവർ. പക്ഷേ, നരേന്ദ്രമോദി സർക്കാരിനെപ്പോലുള്ള തീവ്രശക്തികൾ കാരണം ആ നിർദ്ദേശവുമായി മുന്നോട്ടുപോകാൻ ബിസിസിഐ വിസമ്മതിച്ചു. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ആഷസ് എങ്ങനെയാണോ അതുപോലെയാകുമായിരുന്നു ഈ പരമ്പര. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിച്ചേനെ. ഇരു രാജ്യങ്ങൾക്കും മികച്ച ക്രിക്കറ്റ് കാഴ്ച വെക്കാനും സാധിച്ചേനെ.”- അദ്ദേഹം പറഞ്ഞു.
“ഇരു രാജ്യങ്ങളും ഒരു നിക്ഷ്പക്ഷ വേദിയിൽ കളിക്കണമായിരുന്നു. ശ്രീലങ്കയിലോ, യുഎഇയിലോ ദക്ഷിണാഫ്രിക്കയിലോ വേറെ ഏത് രാജ്യത്തോ നടത്താം. ഫ്യൂച്ചർ ടൂർ പ്രോഗ്രാമുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി ഐസിസി മാറ്റിമറിച്ചതാണ് പ്രധാന പ്രശ്നമായത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights- Jinnah-Gandhi Series Between India And Pakistan: Former PCB Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here