ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗിന് കൊവിഡ് പോസിറ്റീവ്

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്തിന് കൊവിഡ് പോസിറ്റീവായി. തിരാത് സിംഗ് തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും സ്വയം ഐസൊലേഷനിൽ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റിൽ സൂചിപ്പിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ഉടൻ ടെസ്റ്റ് ചെയ്ത് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പ്ഡ് ജീൻസ് ഭാരത സംസ്കാരത്തെ അവഹേളിക്കുന്നതാണെന്ന തിരാത്ത് സിംഗിൻ്റെ പരാമർശം വിവാദമായിരുന്നു. വിമാനയാത്രയിൽ വച്ച് രണ്ട് കുട്ടികളുമായി വന്ന ഒരു സ്ത്രീയെ കണ്ടു എന്നും അവർ റിപ്പ്ഡ് ജീൻസ് ആണ് ധരിച്ചിരുന്നതെന്നുമാണ് തിരാത്ത് സിംഗ് പറഞ്ഞത്. സംസ്കാരത്തിനു കത്രിക വച്ച്, നഗ്നമായ മുട്ടുകൾ കാണിച്ച്, റിപ്പ്ഡ് ജീൻസ് ധരിച്ച്, സമ്പന്നരായ കുട്ടികളെപ്പോലെയുള്ള സന്ദേശമാണ് അവർ നൽകുന്നത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ഇതിനെതിരെ പിന്നാലെ റിപ്പ്ഡ് ജീൻസ് ട്വിറ്റർ എന്ന പേരിൽ ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിച്ചിരുന്നു.
Read Also : ‘റിപ്പ്ഡ് ജീൻസ് ട്വിറ്റർ’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ട്വിറ്ററിൽ ട്രെൻഡ്
കഴിഞ്ഞ ദിവസം, അമേരിക്കക്കാർ നമ്മളെ 200 വർഷങ്ങളോളം ഭരിച്ചു എന്ന പ്രസ്താവനയും അദ്ദേഹം നടത്തി. നമ്മളെ ഭരിച്ചവർ ഇപ്പോൾ ബുധിമുട്ടുകയാണ്. പക്ഷേ, നമ്മൾ കൊവിഡിനെ നിയന്ത്രിച്ചു എന്നായിരുന്നു പരാമർശം. ഭാവിയിൽ മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് നരേന്ദ്രമോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണ്. മോദിക്കൊപ്പം ചിത്രമെടുക്കാനായി ലോകനേതാക്കൾ ക്യൂ നിൽക്കുകയാണെന്നും തിരാത്ത് സിംഗ് പറഞ്ഞു.
Story Highlights- Uttarakhand Chief Minister Tirath Singh Rawat Tests Covid +ve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here