മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കും മുൻ പൊലീസ് കമ്മിഷണർക്കുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനും, മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി. ഇരുവർക്കുമെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

മുംബൈ സ്വദേശിനി അഡ്വ. ജയശ്രീ ലക്ഷ്മൺറാവു പാട്ടീലാണ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിയും ക്രമക്കേടും അടക്കം ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അനിൽ ദേശ്മുഖിനെതിരെ കോഴയാരോപണം ഉന്നയിച്ച് പരംബീർ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തെഴുതിയതും ഹർജിയിൽ ചൂണ്ടിക്കാട്ടി.

നേരത്തേ അനിൽ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയിരുന്നു. സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പരംബീർ സിംഗ് കത്തയച്ചിരുന്നു.

Story Highlights- anil deshmukh, parambir singh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top