ഉത്തർപ്രദേശിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. ബജ്റംഗ്ദൾ പ്രവർത്തകരും ഝാൻസി പൊലീസും ചേർന്നാണ് കന്യാസ്ത്രീകളേയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരേയും ഉപദ്രവിച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുത പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ഉണ്ടായത്. ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണം. സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽവച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.

Story Highlights-Nun, Attack, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top