മങ്കടയില്‍ മൂന്നാം അങ്കത്തിന് മഞ്ഞളാംകുഴി അലി; ജയം ലക്ഷ്യമിട്ട് അഡ്വ. റഷീദ് അലി

മലപ്പുറം മങ്കടയില്‍ ഇക്കുറി പോരാട്ടം നാട്ടുകാര്‍ തമ്മില്‍. മണ്ഡലം മാറി എത്തിയ മഞ്ഞളാംകുഴി അലിയും തുടര്‍ച്ചയായ രണ്ടാം തവണ എല്‍ഡിഎഫിന് വേണ്ടി ജനവിധി തേടുന്ന ടി കെ റഷീദ് അലിയും മങ്കട മണ്ഡലത്തില്‍ നിന്നുള്ളവരാണ്. ഏറ്റുമുട്ടുന്നത് നാട്ടുകാര്‍ തമ്മിലായതോടെ ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാവുകയാണ് മങ്കട.
മഞ്ഞളാംകുഴി അലിക്ക് മങ്കടയുടെ മുക്കും മൂലയും സുപരിചിതമാണ്. 2001ലും 2006ലും മങ്കടയുടെ ജനപ്രതിനിധി ആയിരുന്നു അലി. പക്ഷേ അന്ന് അലി ഇടത് പക്ഷത്തോടൊപ്പമായിരുന്നു. ഒരു പതിറ്റാണ്ടിന് ഇപ്പുറം വീണ്ടും അലി മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് യുഡിഎഫിന് വേണ്ടിയാണ്. വന്‍ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ വിജയിച്ചു കയറുമെന്നാണ് അലിയുടെ പ്രഖ്യാപനം.
കഴിഞ്ഞ തവണ 1508 വോട്ട് അകലത്തില്‍ കൈവിട്ട വിജയം ഇത്തവണ കൈപ്പിടിയില്‍ ഒതുക്കാനാണ് ആണ് ടി കെ റഷീദ് അലിയുടെ പോരാട്ടം. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വിവരിച്ചാണ് വോട്ട് തേടല്‍. മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് റഷീദ് അലി.
നാട്ടുകാര്‍ തമ്മില്‍ ഉള്ള പോരാട്ടത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുവര്‍ക്കും ചിന്തിക്കാന്‍ പോലും ആകില്ല. ഇരുവരുടെയും രാഷ്ടീയ ഭാവിക്കും ജയം നിര്‍ണായകമാണ്. മണ്ഡലത്തില്‍ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപിക്ക് വേണ്ടി സജേഷും മത്സര രംഗത്തുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here