Advertisement

സിക്സറടിക്കാൻ മത്സരിച്ച് സ്റ്റോക്സും ബെയർസ്റ്റോയും; രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

March 26, 2021
Google News 2 minutes Read
england won india odi

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 6 വിക്കറ്റിൻ്റെ കൂറ്റൻ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 337 റൺസ് വിജയലക്ഷ്യം വെറും ഓവറിൽ 43.3 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ജോണി ബെയർസ്റ്റോ സെഞ്ചുറി നേടി. ബെൻ സ്റ്റോക്സ് 99 റൺസ് നേടി പുറത്തായി. ജേസൺ റോയും (55) ഇംഗ്ലണ്ടിനായി തിളങ്ങി. ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഒപ്പമെത്തി.

മെല്ലെയാണ് ഇംഗ്ലണ്ട് ആരംഭിച്ചത്. ഭുവനേശ്വർ കുമാറും പ്രസിദ്ധ് കൃഷ്ണയും നന്നായി പന്തെറിഞ്ഞപ്പോൾ ഇംഗ്ലീഷ് ഓപ്പണർമാർ ജാഗ്രതയിലായി. എന്നാൽ, സാവധാനം ഇന്ത്യൻ ബൗളർമാർക്കു മേൽ ഇരുവരും ആധിപത്യം നേടാൻ ആരംഭിച്ചു. ബൗണ്ടറികൾ യഥേഷ്ടം പ്രവഹിക്കാൻ തുടങ്ങി. 100ഉം കടന്ന് കൂട്ടുകെട്ട് കുതിച്ചു. ഓപ്പണർമാർ ഇരുവരും ഫിഫ്റ്റി തികച്ചു. പന്തെറിഞ്ഞ് തളർന്നതല്ലാതെ ഒരു വിക്കറ്റ് വീഴ്ത്താൻ ബൗളർമാർക്കായില്ല. ഒടുവിൽ ഒരു ഗംഭീര ഫീൽഡിങ്ങിലൂടെ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. റോയ് പുറത്തായതിനു പിന്നാലെ സ്റ്റോക്സ് എത്തി, കഥ കഴിഞ്ഞു.

Read Also : ഇന്ത്യ-ഇംഗ്ലണ്ട് ടി-20 കാണാനെത്തിയ 22 ഐഐഎംഎ വിദ്യാർത്ഥികൾക്ക് കൊവിഡ്

നേരിട്ട ആദ്യ പന്ത് മുതൽ ആക്രമണ ത്വര കാണിച്ച സ്റ്റോക്സ് ഹൈ സ്കൂൾ നിലവാരത്തിലുള്ള ബൗളർമാരെന്ന പോലെയാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. യഥേഷ്ടം ബൗണ്ടറികൾ സ്കോർ ചെയ്ത ഇരുവരും അതിവേഗം സ്കോർ ചെയ്തു. സ്റ്റോക്സ് ആയിരുന്നു കൂടുതൽ അപകടകാരി. ഒരു ഓവറിൽ മൂന്നും നാലും സിക്സർ വെച്ച് അടിച്ച സ്റ്റോക്സ് ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കി. ഇതിനിടെ ബെയർസ്റ്റോ സെഞ്ചുറി തികച്ചു. എന്നാൽ, അനായാസം സെഞ്ചുറിയിലേക്ക് കുതിച്ച സ്റ്റോക്സിന് ഒരു റൺ അകലെ പിഴച്ചു. 52 പന്തിൽ 10 സിക്സർ അടക്കം 99 റൺസെടുത്ത സ്റ്റോക്സിനെ ഭുവനേശ്വർ കുമാർ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 175 റൺസ് നീണ്ട രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഇതോടെ അവസാനിച്ചു.

പിന്നീട് രണ്ട് വിക്കറ്റുകൾ വേഗം വീണു. ജോണി ബെയർസ്റ്റോയെയും ജോസ് ബട്‌ലറെയും ഒരു ഓവറിൽ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി. 112 പന്തിൽ 124 റൺസ് നേടിയ ബെയർസ്റ്റോയെ കോലി പിടികൂടിയപ്പോൾ ബട്‌ലർ (0) ക്ലീൻ ബൗൾഡായി. ആറാം നമ്പരിലെത്തിയ ലിയാം ലിവിങ്സ്റ്റണും സ്കോറിംഗ് വേഗത കുറച്ചില്ല. ഭുവനേശ്വറിനെതിരെ തുടർച്ചയായി നേടിയ രണ്ട് സിക്സറുകൾ സഹിതം ലിയാം തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ടിൻ്റെ ജയം വേഗത്തിലായി. 44ആം ഓവറിൽ 39 പന്തുകളും 6 വിക്കറ്റും ബാക്കി നിൽക്കെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ലിയാം ലിവിങ്സ്റ്റൺ (27), ഡേവിഡ് മലാൻ (16) എന്നിവർ പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 49 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.

Story Highlights- england won against india in 2nd odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here