ഇന്ത്യ-ഇംഗ്ലണ്ട് ടി-20 കാണാനെത്തിയ 22 ഐഐഎംഎ വിദ്യാർത്ഥികൾക്ക് കൊവിഡ്

COVID IIMA students T20I

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി-20 കാണാൻ സ്റ്റേഡിയത്തിലെത്തിയ 22 കാണികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഹ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 12ന് അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാനെത്തിയവരിലാണ് ഇവർ ഉൾപ്പെട്ടത്. ആദ്യം അഞ്ച് വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, രോഗബാധിതരെ ഇൻസ്റ്റിറ്റ്യൂട്ട് ക്വാറൻ്റീൻ ചെയ്യുന്നില്ലെന്നും പരീക്ഷകൾ മാറ്റിവക്കാനോ വൈറസ് ബാധിതർക്ക് ഇളവ് നൽകാനോ തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. പരീക്ഷകളിൽ ഇളവ് നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും മാനേജ്മെൻ്റ് വഴങ്ങിയില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. മാർച്ച് 18നും 20നും ഇടയിൽ 6 മത്സരങ്ങളാണ് ഉള്ളത്. ആർടിപിസിആർ ടെസ്റ്റ് നടത്തിയപ്പോൾ ചില വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അവർ പരീക്ഷയ്ക്ക് വന്നിരുന്നു. പിന്നീടാണ് അവരെ ഐസൊലേറ്റ് ചെയ്തത് എന്നും വിദ്യാർത്ഥികൾ പറയുന്നു.

ആരോപണങ്ങൾ ഐഐഎംഎ നിഷേധിച്ചു. കൊവിഡ് പോസിറ്റീവായാൽ സ്വയം ക്വാറൻ്റീൻ ചെയ്യണമെന്ന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകാറുണ്ട്. ഒരു മണിക്കൂറിനുള്ളിൽ ക്വാറൻ്റീൻ സംവിധാനത്തിലേക്ക് മാറേണ്ടതാണെന്നും ഐഐഎംഎ വിശദീകരിച്ചു.

Story Highlights- 22 test COVID positive after IIMA students attended the opening india vs england T20I

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top