‘എല്ലാം ഒരാള്‍ക്ക് വേണ്ടി’ സുകുമാരകുറുപ്പായി ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീര വരവ്: കുറുപ്പ് ടീസര്‍

Kurup Malayalam Teaser

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അഭിനയമികവില്‍ അതിശയിപ്പിയ്ക്കുകയാണ് താരം. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ് കുറുപ്പ്.

ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. നീണ്ട നാളുകള്‍ക്ക് ശേഷം ഇരുവരം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും ചെറുതല്ല. അഞ്ച് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുക.

ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികാ കഥാപാത്രമായെത്തുന്നത്. മറ്റ് നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.

Story highlights: Kurup Malayalam Teaser

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top