Advertisement

ഒരു രാഷ്ട്രീയ പാർട്ടിയോടും എതിർപ്പില്ല; തെരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ

March 27, 2021
Google News 2 minutes Read
Jacobite Church policy elections

നിയമസഭാ തെരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് ആവർത്തിച്ച് യാക്കോബായ സഭ. ഒരു രാഷ്ട്രീയ പാർട്ടിയോടും എതിർപ്പില്ലെന്നും പളളി തർക്കത്തിൽ ബിജെപിയിൽ നിന്ന് ഉറപ്പുകൾ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്നതെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് 24 നോട് പറഞ്ഞു. സർക്കാർ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയെന്ന് ആഹ്വാനം ചെയ്യുകയാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. സഭയെ സംബന്ധിച്ച് ഇത് നിലനിൽപ്പിൻ്റെ പോരാട്ടമാണ്. എല്ലാവരുടെയും സഹായം സഭയ്ക്ക് ആവശ്യമുണ്ട്. ഒരു പാർട്ടിക്കും വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും സമദൂര നയത്തിൽ നിന്ന് മാറ്റമില്ലെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.

സെമിത്തേരി ബിൽ കൊണ്ടുവന്നതിന് ഇടതു സർക്കാരിനോട് നന്ദിയുണ്ട്. ഇതിൻ്റെ പ്രതിഫലനമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ ഭാഗത്തു നിന്നുണ്ടായത്. പള്ളി തർക്കവിഷയത്തിൽ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സഭയുടെ സമരം സർക്കാരിന് എതിരല്ലായിരുന്നുവെന്നും മെത്രാപ്പോലീത്തൻ ട്രസ്റ്റി പറഞ്ഞു. ബിജെപിയുമായി നേരത്തെ അകൽച്ചയുണ്ടായിരുന്നു. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയോടെ അതിന് മാറ്റംവന്നു. പളളി തർക്കത്തിൽ ബിജെപിയിൽ നിന്ന് ഉറപ്പുകൾ ലഭിക്കാത്തത് കൊണ്ടാണ് പരസ്യ പിന്തുണ പ്രഖ്യാപിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ തർക്കം പരിഹരിക്കുമെന്ന യുഡിഎഫ് പ്രകടന പത്രിക സ്വാഗതം ചെയ്യുന്നുവെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.

Story Highlights- The Jacobite Church reiterates its policy of equal distance in elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here