പുതുച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയും തെരഞ്ഞെടുപ്പ് ചൂടില്‍

പുതുച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയും തെരഞ്ഞെടുപ്പ് ചൂടില്‍. കഴിഞ്ഞ തവണ പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താന്‍ സിപിഐഎമ്മും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുകയാണ്. എന്‍ഡിഎ ഘടക കക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസും പ്രതീക്ഷയോടെ മത്സര രംഗത്തുണ്ട്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒരേ മുന്നണിയിലുള്ള കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലാണ് മാഹിയിലെ പ്രധാന പോരാട്ടം. മൂന്ന് പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച മാഹി കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനിലൂടെ സിപിഐഎം പിടിച്ചെടുത്തിരുന്നു. സീറ്റ് നിലനിര്‍ത്താന്‍ ഇത്തവണയും സ്വതന്ത്രനെയാണ് സിപിഐഎം കളത്തിലിറക്കിയിട്ടുള്ളത്. അധ്യാപകനും പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍. ഹരിദാസാണ് സ്ഥാനാര്‍ത്ഥി. മണ്ഡലം നിലനിര്‍ത്താനാകുമെന്ന് ഹരിദാസ് പറയുന്നു.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മാഹി നഗരസഭാ മുന്‍ ചെയര്‍മാന്‍ കൂടിയായ രമേശ് പറമ്പത്തിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. പുതുച്ചേരിയില്‍ അഗ്‌നിപരീക്ഷ നേരിടുന്ന കോണ്‍ഗ്രസ് മാഹിയിലും വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

പുതുച്ചേരിയില്‍ ഇത്തവണ അധികാരം പിടിക്കാമെന്ന് കണക്കു കൂട്ടുന്ന എന്‍ഡിഎയും മാഹിയില്‍ പ്രചാരണ രംഗത്ത് സജീവമാണ്. എന്‍ആര്‍ കോണ്‍ഗ്രസിലെ വി.പി. അബ്ദുള്‍ റഹ്മാനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പുതുച്ചേരിയിലെ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ തവണയും മത്സര രംഗത്തുണ്ടായിരുന്നു. പുതുച്ചേരിയിലെ പുതിയ രാഷ്ട്രീയ സാഹചര്യം മാഹിയിലും പ്രതിഫലിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

32000 ത്തോളം വോട്ടര്‍മാര്‍ മാത്രമുള്ള മാഹിയില്‍ ഇത്തവണയും പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ചാണ്മുന്നണികളുടെ പ്രചാരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top