പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഇന്ന് കൊട്ടിക്കലാശിക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ജനവിധി തേടുന്ന നന്ദിഗ്രാമിൽ അടക്കം ശക്തമായ പ്രചാരണമാകും അവസാന ദിനമായ ഇന്ന് നടക്കുക.
പശ്ചിമ ബംഗളിലെ 30 ഉം അസാമിലെ 39 ഉം മണ്ഡലങ്ങളിലാണ് ഇന്ന് പ്രചരണം അവസാനിക്കുക. പ്രമുഖ നേതാക്കൾ ജനവിധി തേടുന്ന ഈ ഘട്ടത്തിൽ ശക്തമായ പ്രചാരണം എല്ലാ പാർട്ടികളും അവസാന പ്രചാരണ ദിവസം നടത്തും. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലാണ് ഈ ഘട്ടത്തിലെ വാശിയേറിയ പോരാട്ടം നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനർജി ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയെയാണ് ഇവിടെ നേരിടുക.
പ്രചാരണം അവസാനിക്കുന്ന ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു തവണകൂടി എത്തുന്നുണ്ട്. വീൽ ചെയറിൽ മമതാ ബാനർജി ഇന്നലെ നടത്തിയ റോഡ് ഷോ ജന പങ്കളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. നന്ദിഗ്രാമിനെ കൂടാതെ പൻസുരയിലും ഡയമണ്ട് ഹാർബറിലും സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോകളിലും അമിത് ഷാ ഇന്ന് പങ്കെടുക്കും. ഒന്നിലധികം റാലികളിലാണ് മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് പശ്ചിമ ബംഗാളിൽ പങ്കെടുക്കുക. അസമിലും ശക്തമായ പോരാട്ടമാണ് ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നടക്കുന്നത്. രണ്ടാം ഘട്ട പ്രചാരണം അവസാനിക്കുന്ന ഇവിടെ ഇന്ന് കൂടുതൽ ദേശീയ നേതാക്കൾ പ്രചാരണത്തിനിറങ്ങും. ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘർഷ സാധ്യത മുന്നിൽ കണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ ഒരുക്കിയിട്ടുണ്ട്.
Story Highlights: Assam, West bengal, assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here