ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി

ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. 11,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 73,400 കോടിരൂപയുടെ മുതല്‍മുടക്കാണ് ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ ഷവോമി ഉദ്ദേശിക്കുന്നത്.

ടെക്ഭീമന്മാര്‍ ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ മുതല്‍മുടക്കുന്നതിന് പിന്നാലെയാണ് ഷവോമിയും വാഹന നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ചൈനീസ് കമ്പനി ബൈഡുവും ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കാര്‍നിര്‍മാതാക്കളായ ഗീലി ഓട്ടോമൊബൈല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഇലക്ട്രിക്ക് വെഹിക്കിള്‍ യൂണിറ്റ് വികസിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.

ഫെബ്രുവരിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമനായ ഹുവായ് ടെക്‌നോളജീസ് കോ ലിമിറ്റഡും ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയിലേക്ക് കടക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷവോമിയുടെ വാഹന നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ സഹകരണത്തോടെയായിരിക്കും ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലേ ബെയ്ജിംഗ് ആസ്ഥാനമായുള്ള ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമി ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളാണ്. സ്മാര്‍ട്ട്ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്‍പന, ഉത്പാദനം, വില്‍പന എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്.

Story Highlights: Xiaomi- Electric Vehicle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top