പെരിയ ഇരട്ടക്കൊല കേസ് : ഇന്നും നാളെയും ചോദ്യം ചെയ്യൽ തുടരും

പെരിയ ഇരട്ടക്കൊല കേസിൽ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സിബിഐ സംഘം ചോദ്യം ചെയ്തു. ഇന്നും, നാളെയും മറ്റ് പ്രതികളെ കൂടി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിലെ മുഖ്യ പ്രതിയും സിപിഐഎം പെരിയ ലോക്കൽ കമ്മറ്റി അംഗവുമായിരുന്ന എ.പീതാംബരൻ , രണ്ടാം പ്രതി സി.ജെ സജി, മൂന്നാം പ്രതി കെ.എം സുരേഷ് എന്നിവരെയാണ് ആദ്യ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് വരെ നീണ്ടു. കൊലപാതകത്തിലേക്ക് വഴി വച്ച കാര്യങ്ങളും, സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ലഭിച്ച സഹായങ്ങളുമടക്കമുള്ള കാര്യങ്ങളാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം പ്രതികളിൽ നിന്നും തേടിയത്.
റിമാന്റിലുള്ള മറ്റ് 8 പ്രതികളെ കൂടി ഇന്നും, നാളെയുമായി ചോദ്യം ചെയ്യും. ഇതിനു ശേഷം മൊഴികൾ വിലയിരുത്തിയാകും തുടർ അന്വേഷണ നടപടികളുണ്ടാവുക. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും, സഹായങ്ങളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളും പിന്നാലെ ഉണ്ടാകും.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും , കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനടക്കം 14 സിപിഐഎം പ്രവർത്തകരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലുള്ള മണികണ്ഠനുൾപ്പടെ മൂന്നുപേരെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. സിബിഐ കോടതി അനുമതിയോടെയാണ് റിമാന്റ് പ്രതികളായ മറ്റുള്ളവരെ സിബിഐ ചോദ്യം ചെയ്യുന്നത്.
Story Highlights: periya murder interrogation continue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here