Advertisement

കടമ്മനിട്ട രാമകൃഷ്ണൻ ഓർമയായിട്ട് ഇന്ന് പതിമൂന്ന് വർഷം

March 31, 2021
Google News 2 minutes Read
today marks 13th death anniversary of kadammanitta ramakrishnan

മലയാള കവിതയിൽ ചൊല്ക്കാഴ്ചയുടെ ഇടമുഴക്കമായി മാറിയ കടമ്മനിട്ട രാമകൃഷ്ണൻ ഓർമയായിട്ട് ഇന്ന് പതിമൂന്ന് വർഷം. നാട്ടുവഴികളും പടയണി താളവും ഒക്കെയായി ഒരാഘോഷമായിരുന്നു കടമ്മനിട്ടയുടെ ജീവിതം.

പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്‌സ് വകുപ്പിൽ ജോലിക്കാരനായിരുന്ന രാമകൃഷ്ണൻ വിവാഹം കഴിഞ്ഞ് മദ്രാസിലേക്ക് പോകുമ്പോൾ കയ്യിലൊരു ട്രങ്ക് പെട്ടി നിറയെ കവിതയായിരുന്നു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി.

1965ൽ ‘ഞാൻ’ എന്ന കവിത പ്രസിദ്ധപ്പെടുത്തി. 1976ലാണ് ആദ്യ പുസ്തകം പുറത്തിറങ്ങിയത്. കേരള കവിതാ ഗ്രന്ഥവരിയായിരുന്നു പ്രസാധകർ. കവിതയിലെ ആധുനികതയെ ഒഴിഞ്ഞുമാറലിന്നതീതമായ ഒരാഘാതമാക്കിത്തീർത്ത കവിയാണ് കടമ്മനിട്ടയെന്നും അദ്ദേഹത്തിന്റെ കവിതയിലെ ഭാവമേതായാലും അതിന് അപ്രതിമമായ രൂക്ഷതയും ദീപ്തിയും ഊഷ്മളതയുമുണ്ടെന്നും വിമർശകർ അഭിപ്രായപ്പെടുന്നു. മലയാള കവിതാസ്വാദകരെ നടുക്കിയുണർത്തിയ കവിതകളായിരുന്നു അദ്ദേഹത്തിന്റേത്. ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി. വൈദേശികമായ ഇറക്കുമതിച്ചരക്കാണ് ആധുനികകവിത എന്ന് വാദിച്ച പരമ്പരാഗത നിരൂപന്മാർക്കുപോലും കടമ്മനിട്ടക്കവിത ആവിഷ്‌കരിച്ച കേരളീയ ഗ്രാമീണതയുടേയും വനരൗദ്രതയുടേയും വയൽമണങ്ങളുടേയും ചന്ദനത്തൈമരയൗവനത്തിന്റേയും മൗലികസൗന്ദര്യത്തിനു മുൻപിൽ നിശ്ശബ്ദരാകേണ്ടിവന്നു.

1996 ലാണ് ഇടതുപക്ഷക്കാരനായ കടമ്മനിട്ടയുടെ തെരഞ്ഞെടുപ്പിലെ രംഗപ്രവേശം. നിയസഭയിലേക്ക് ആറന്മുളയിൽ കരുത്തനായ എം.വി.രാഘവനെതിരെ മത്സരിച്ചു. അന്ന് ആറന്മുളയിൽ ജയിച്ചു. പക്ഷെ 2001ൽ കോന്നിയിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടു.

ഏറെക്കാലമായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന കടമ്മനിട്ടയെ അർബുദബാധയെത്തുടർന്ന് 2008 ജനുവരിയിൽ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം അസുഖം കൂടിയും കുറഞ്ഞുമിരുന്ന അദ്ദേഹം അവിടെവെച്ച് 2008 മാർച്ച് 31ന് രാവിലെ 9 മണിയോടെ അന്തരിച്ചു. 73-ാം പിറന്നാളാഘോഷിച്ച് ഒമ്പതുദിവസങ്ങൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Story Highlights: today marks 13th death anniversary of kadammanitta ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here