കസ്റ്റംസിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച്; വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോണ്‍

വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതായിരുന്നു കസ്റ്റംസ് ആരോപണം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് തന്റെ പേരില്‍ മറ്റാരെങ്കിലും ആള്‍മാറാട്ടം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് വിനോദിനി ബാലകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ: സന്തോഷ് ഈപ്പന്‍ യുഎഇ നാഷണല്‍ ഡേയ്ക്ക് നല്‍കാന്‍ ആറ് ഐഫോണുകള്‍ സ്വപ്‌നയ്ക്ക് വാങ്ങി നല്‍കിയിരുന്നു. ഇതില്‍ ഒന്ന് മാറ്റി ഐഫോണ്‍ 11 പ്രോ മാക്‌സ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നു. ഡിസംബര്‍ രണ്ടിന് സ്റ്റാച്യുവിലെ കടയില്‍ നിന്നാണ് ഈ ഫോണ്‍ വാങ്ങിയത്. സ്റ്റാച്യുവിലെ കടക്കാരന്‍ സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഒരു കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങി നല്‍കിയത്. ഇതേ ദിവസം കവടിയാറിലെ ഒരു കടക്കാരനും ഇതേ ഫോണ്‍ സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്ന് വാങ്ങിയിരുന്നു. കവടിയാറിലെ കടയില്‍ നിന്നാണ് വിനോദിനി ബാലകൃഷ്ണന്‍ ഫോണ്‍ വാങ്ങിയത്. ഇതിന്റെ രേഖകളും വിനോദിനിയുടെ കൈകളിലുണ്ട്.

ഫോണിന്റെ വിവരങ്ങള്‍ അന്വേഷിച്ച് അന്വേഷണ സംഘം സ്റ്റാച്യുവിലെ കടയിലെത്തിയപ്പോള്‍ കടക്കാരന്‍ സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ നിന്നാണ് ഫോണ്‍ നല്‍കിയതെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടയില്‍ എത്തി. ഡിസംബര്‍ രണ്ടിന് രണ്ട് ഫോണുകള്‍ വിറ്റിരുന്നതിനാല്‍ ഇവയുടെ രണ്ടിന്റെയും ഐഎംഇഐ നമ്പര്‍ സ്‌പെന്‍സര്‍ ജംഗ്ഷനിലെ കടക്കാരന്‍ അന്വേഷണ സംഘത്തിന് കൈമാറി. ഇതാണ് തെറ്റായ പ്രചാരണത്തിന് ഇടയാക്കിയതെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlights: Vinodini Balakrishnan iPhone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top