മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോള്‍ മലപ്പുറം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ എട്ട് മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫ് അവകാശവാദം. യുഡിഎഫിന് ആധിപത്യമുള്ള ജില്ലയില്‍ പലമണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇത്തവണ പ്രവചനാതീതമാണ്.
അവസാന ലാപ്പില്‍ ശക്തമായ പ്രചാരണം കൊണ്ട് മലപ്പുറം ജില്ലയില്‍ കരുത്ത് കാട്ടുകയാണ് മുന്നണികള്‍. കഴിഞ്ഞ തവണ കൈവിട്ട കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്പൂരും,മുസ്ലീം ലീഗ് കോട്ടയായ താനൂരും ഒപ്പം എല്‍ഡിഎഫിന് സ്വാധീനമുള്ള തവനൂരും പൊന്നാനിയും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
എന്നാല്‍ നിലവിലെ നാല് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ മണ്ഡലങ്ങളില്‍ ജയിച്ചു കയറുമെന്ന് എല്‍ഡിഎഫും പ്രതീക്ഷ പങ്കുവെക്കുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ നേരിയ വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയ മങ്കടയും, പെരിന്തല്‍മണ്ണയും ഒപ്പം തിരൂരങ്ങാടിയും, തിരൂരുമെല്ലാം എല്‍ഡിഎഫ് ജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ്.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്നാണ് എന്‍ഡിഎയുടെ ആത്മവിശ്വാസം. തവനൂര്‍, വള്ളിക്കുന്ന്, തിരൂര്‍ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ പ്രതീക്ഷ. ജില്ലയില്‍ യുഡിഎഫ് ആധിപത്യം നിലനിര്‍ത്തുവാനാണ് സാധ്യത. ഒപ്പം എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ ശക്തമായ മത്സരമാണ് ഇത്തവണ. അവസാന ദിവസങ്ങളില്‍ പോലും മണ്ഡലങ്ങളിലെ വിജയ സാധ്യതകള്‍ മാറി മറിയുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here