മൊബൈല്‍ ഫോണ്‍ നഷ്ടമാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കണ്ടെത്തുന്നത് എങ്ങനെ? ഫോണിലെ വിവരങ്ങള്‍ എങ്ങനെ ദൂരെനിന്ന് ലോക്ക് ചെയ്യാം

നിത്യജീവിതത്തിലെ അവിഭാജ്യഘടകമായി മൊബൈല്‍ ഫോണ്‍ മാറിയിട്ടുണ്ട്. കോള്‍ ചെയ്യുക എന്നതിലുപരി ഓഫീസില്‍ പോകാന്‍ ക്യാബ് ബുക്ക് ചെയ്യുന്നതു മുതല്‍ ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനുമെല്ലാം ഇന്ന് മൊബൈല്‍ ഫോണുകളെയാണ് ആശ്രയിക്കുന്നത്.
ഇങ്ങനെയുള്ള മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എവിടെയെങ്കിലും മറന്നുവയ്ക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ എന്താകും അവസ്ഥ. മൊബൈല്‍ ഫോണിലെ ഡേറ്റായെകുറിച്ചാകും അപ്പോള്‍ നമ്മുടെ ചിന്ത.
ഫോണിലെ വ്യക്തിവിവരങ്ങള്‍, ഫോട്ടോകള്‍, ഡേറ്റ, ലോഗിന്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിങ്ങനെ വിലപിടിപ്പുള്ള ഒട്ടേറെ കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകാം. ഇങ്ങനെയുള്ള ഫോണ്‍ മറ്റൊരാളുടെ കൈയില്‍ കിട്ടിയാല്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കുമോ എന്ന പേടിയാകും എല്ലാവര്‍ക്കുമുണ്ടാവുക. എന്നാല്‍ നഷ്ടമായ ഫോണ്‍ എവിടെയെന്ന് കണ്ടെത്തുന്നതിനും വിദൂരത്തിലിരുന്ന് ഫോണ്‍ ലോക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം ആന്‍ഡ്രോയിഡ് ഫോണുകളിലുണ്ട്.
ആന്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താനുള്ള വഴി
- നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ മറ്റൊരു ആന്‍ഡ്രോയിഡ് ഡിവൈസ് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക.
- ഇതിന് ശേഷം https://www.google.com/android/find?u=0. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ ഗൂഗിളില്‍ ”ഫൈന്‍ഡ് മൈ ഡിവൈസ്” എന്ന് സെര്‍ച്ച് ചെയ്ത് ക്ലിക്ക് ചെയ്യുക.
- ഫൈന്‍ഡ് മൈ ഡിവൈസ് വെബ്‌പേജ് തുറക്കുമ്പോള്‍ നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിലേക്ക് ഒരു നോട്ടിഫേക്കഷന്‍ അയക്കപ്പെടും.

- നോട്ടിഫിക്കേഷന്‍ അയക്കപ്പെട്ടതായി തോന്നിയില്ലെങ്കില്‍ വെബ്‌പേജിന്റെ വലതുവശത്തായി കാണുന്ന ഫോണിന്റെ ചിത്രത്തിന് അടുത്തുള്ള റിഫ്രഷ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ സമയത്ത് നിങ്ങളുടെ നഷ്ടമായ ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ അയക്കപ്പെട്ടിട്ടുണ്ടാകും.
- നോട്ടിഫിക്കേഷന്‍ നഷ്ടമായ മൊബൈല്‍ ഫോണില്‍ ലഭ്യമായികഴിഞ്ഞാല്‍ ഫോണ്‍ നിലവില്‍ എവിടെയാണെന്നതിന്റെ ഏകദേശ ലൊക്കേഷന്‍ മാപ്പില്‍ നിങ്ങള്‍ക്ക് കാണാനാകും.
- സ്‌ക്രീനിന്റെ ഇടതുവശത്തായി കാണുന്ന പ്ലേ സൗണ്ട്, സെക്യൂര്‍ ഡിവൈസ്, എറൈസ് ഡിവൈസ് ഓപ്ഷനുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാം. പ്ലേ സൗണ്ട് ഓപ്ഷന്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ നഷ്ടമായ ഫോണ്‍ അഞ്ച് മിനിറ്റ് നിര്‍ത്താതെ ഫുള്‍ വോളിയത്തില്‍ ബെല്ലടിക്കും. ഫോണ്‍ സൈലന്റ്, വൈബ്രേറ്റ് മോഡുകളിലാണെങ്കിലും നിര്‍ത്താതെ ബെല്ലടിക്കും.

- സെക്യൂര്‍ ഡിവൈസ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ പിന്‍ നമ്പരോ, സ്‌ക്രീന്‍ ലോക്കോ ഏതാണോ നിങ്ങള്‍ ഉപയോഗിച്ചിരുന്നത് അത് ഉപയോഗിച്ച് ലോക്ക് ആകും. നിങ്ങള്‍ ഫോണില്‍ ലോക്ക് സംവിധാനം ഉപയോഗിച്ചിട്ടില്ലെങ്കില്‍ പുതിയ ലോക്ക് നിര്‍മിക്കാനും സാധിക്കും. അതോടൊപ്പം ഫോണിലേക്ക് ഒരു കോണ്ടാക്ട് നമ്പരോ മെസേജോ അയക്കാനും സാധിക്കും. നിങ്ങളുടെ ഫോണ്‍ ആരുടെയെങ്കിലും കൈയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളെ തിരികെ ബന്ധപ്പെടാന്‍ ഇതുവഴി സാധിക്കും.
- എറൈസ് ഡിവൈസില്‍ ക്ലിക്ക് ചെയ്യുന്നതുവഴിയായി നിങ്ങളുടെ ഫോണിലുള്ള എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെടും. അതോടൊപ്പം ഫൈന്‍ഡ് മൈ ഡിവൈസ് സംവിധാനവും ഡിലീറ്റ് ചെയ്യപ്പെടും. അതിനാല്‍ ഈ ഫീച്ചര്‍ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ.
ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഈ ഓപ്ഷനുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ…
- ഫോണിലെ ‘ഫൈന്‍ഡ് മൈ ഡിവൈസ്’ എന്ന ഓപ്ഷന്‍ ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഓണ്‍ ചെയ്തിടാന്‍ ശ്രദ്ധിക്കുക.
- ഫോണ്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടായിരിക്കണം.
- ഫോണില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഓണായിരിക്കണം.
- ഗൂഗിള്‍ പ്ലേ ഫോണില്‍ ലഭ്യമായിരിക്കണം.
Story Highlights: How to find your lost Android phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here