18 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ അനുവദിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ഐഎംഎ

18 വയസ്സിനു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ അനുവദിക്കണം എന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. നിലവിൽ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. എന്നാൽ, രാജ്യത്ത് കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ പോളിസിയിൽ മാറ്റം വരുത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
വാക്‌സിനേഷൻ കൂടുതൽ വേഗത്തിലാക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കണം. കുടുംബ ക്ലിനിക്കുകൾക്കും കുടുംബ ഡോക്ടർമാർക്കും വാക്സിൻ ലഭ്യത ഉറപ്പുവരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
രാജ്യത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ മാറ്റണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അവശ്യ സേവനമേഖലയുടെ പുറത്തുള്ള തലങ്ങളിലെങ്കിലും ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ആശങ്കയേറ്റി രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറെ ആശങ്ക. ഈ മൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലെ വിദഗ്ധസമിതി അയച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡൽഹിയിൽ രാത്രി 10 മണി മുതൽ വെളുപ്പിനെ 5 മണി വരെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി .ഏപ്രിൽ 30 വരെയാണ് നിയന്ത്രണം.
Story Highlights: Covid Vaccines For All Adults: IMA Suggests To PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here