കാട്ടായിക്കോണം സംഘർഷം; ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിമാൻഡിൽ

കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ റിമാൻഡിൽ. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സുർജിത്തിനെയാണ് റിമാൻഡ് ചെയ്തത്. ബൂത്ത് തകർത്തെന്ന ബിജെപി പ്രവർത്തകരുടെ പരാതിയിലായിരുന്നു സുർജിത്തിനെ അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് ദിനത്തിൽ കാട്ടായിക്കോണത്ത് സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ബൂത്ത് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഒരു ബിജെപി പ്രവർത്തകന് തലയ്ക്ക് പരുക്കേൽക്കുകയും വനിതകൾക്ക് അടക്കം പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവർത്തകർ ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയത്. കാറിലെത്തിയ നാലംഗ ബിജെപി സംഘം രണ്ട് സിപിഐഎം പ്രവർത്തകരെ മർദിക്കുകയായിരുന്നു. സിപിഐഎം പ്രവർത്തകർ കാർ വളഞ്ഞതേടെ ബിജെപി പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. ഇതിന് പിന്നാലെ വൈകിട്ടോടെ വൻ പൊലീസ് സന്നാഹമെത്തി ഡിവൈഎഫ്‌ഐ പ്രവർത്തനെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കാട്ടായിക്കോണത്ത് പൊലീസ് കാണിച്ചത് അന്യായമാണെന്നും ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

Story Highlights: kattayikkonam, cpim, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top