കേരളത്തിൽ കൊവിഡ് ജാഗ്രതയ്ക്ക് ശ്രദ്ധക്കുറവ് വന്നു: ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. പിടി സക്കറിയ

കേരളത്തിൽ കൊവിഡ് ജാഗ്രതയ്ക്ക് ശ്രദ്ധക്കുറവ് വന്നു എന്ന് ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. പിടി സക്കറിയ. കേരളത്തിൽ എല്ലാ വീടുകളിലും വൈറസ് എത്തി. സാമൂഹിക വ്യാപനം ഉണ്ടായിക്കഴിഞ്ഞു. ശ്രദ്ധക്കുറവ് വന്നു എന്നും അദ്ദേഹം പറഞ്ഞു. ട്വൻ്റിഫോറീനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
വിമാനത്താവളങ്ങളിൽ നിന്ന് വീടുകളിലേക്ക് ക്വാറൻ്റെെന് വിട്ടത് രോഗവ്യാപനത്തിന് കാരണമായി. രണ്ടാം വ്യാപനമെന്ന് പേരെടുത്ത് പറയാനാവില്ലെങ്കിലും ഇവിടെ കൊവിഡ് വ്യാപനം ഉണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായി. ജാഗ്രതാ നടപടികൾ നടപ്പായില്ല. കൂട്ടം കൂടുന്നത് ഒഴിവാക്കാനായില്ല. കൊട്ടിക്കലാശമില്ലെന്ന് പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തലേ ദിവസം സമാനമായ ആൾക്കൂട്ടമുണ്ടായി. ഇതൊക്കെ രോഗവ്യാപനത്തിലേക്ക് നയിച്ചില്ലെങ്കിൽ ഭാഗ്യമെന്ന് പറയാം. കേരളത്തിൽ രണ്ടാം വ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കൊവിഡ് വാക്സിനേഷൻ വ്യാപകമാക്കണം. വാക്സിനേഷൻ പ്രോത്സാഹിപ്പിക്കണം. വാക്സിനേഷൻ കുട്ടികൾക്ക് മുതൽ നൽകി തുടങ്ങണം. യൂണിവേഴ്സൽ വാക്സിനേഷൻ പ്രോഗ്രാം നടപ്പിലാക്കണം. 18 വയസ് മുതലെന്ന് ദേശീയ നേതൃത്വം അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ചെറിയ കുട്ടികൾ മുതൽ വാക്സിൻ നൽകി തുടങ്ങണമെന്നാണ് കേരളാ ഘടകത്തിൻ്റെ നിലപാട്. ഇതിലൂടെ പ്രതിരോധ ശേഷി വർധിപ്പിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും. കുത്തിവയ്പ്പിൽ ആശങ്ക വേണ്ട. കൊവിഷീൽഡും, കൊവാക്സിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. സംസ്ഥാനത്തെ വാക്സിനേഷൻ ഫലപ്രദമാണ്. 85 ശതമാനത്തിന് സുരക്ഷ ലഭിക്കും. വാക്സിനേഷൻ വേഗത്തിലാക്കണം. എല്ലാ പ്രായക്കാർക്കും വാക്സിൻ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ അടുത്ത രണ്ടാഴ്ച്ച നിർണായകമാണ്. ആർടിപിസിആർ പരിശോധനകളാണ് നടത്തേണ്ടത്. ആൻ്റിജൻ പരിശോധനകൾ കൊണ്ട് ഒരു ഫലവുമില്ല. ലോക്ക്ഡൗൺ ഇനി ഫലപ്രദമല്ല. രോഗപ്രതിരോധത്തിന് ആദ്യഘട്ടത്തിൽ ആവിഷ്കരിച്ച് വിജയിച്ച രോഗികളെ ട്രാക് ചെയ്ത് ട്രീറ്റ് ചെയ്യുന്ന രീതി പുനരാരംഭിക്കണം. കൂടുതൽ രോഗവ്യാപനമുണ്ടാകുന്ന ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് ലോക് ഡൗൺ ചെയ്യാമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Story Highlights: ima state president dr pt zakariya on kerala covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here