പ്രധാനമന്ത്രി കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസിൽ വച്ച് ഭാരത് ബയോടെകിൻ്റെ കൊവാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്. മാർച്ച് ഒന്നിനാണ് അദ്ദേഹം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്സിൻ എടുക്കുന്ന ചിത്രം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ അദ്ദേഹം പങ്കുവച്ചു.
‘കൊവിഡിനെ തോൽപിക്കാൻ നമുക്ക് മുൻപിലുള്ള ഏതാനും കുറച്ച് വഴികളിലൊന്നാണ് വാക്‌സിനേഷൻ. നിങ്ങളും ഉടൻ വാക്‌സിൻ എടുക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധ വർധിക്കുകയാണ്. കൊവിഡ് രോഗബാധയിൽ തുടർച്ചയായ വർധനയാണ് കണ്ടുവരുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാവുകയാണ്.
യുപിയിലെ ലക്നൗവിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. മഹാരാഷ്ട്രയിൽ 59,907 പോസിറ്റീവ് കേസുകളും 332 മരണവും റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ 6976, ഉത്തർപ്രദേശിൽ 6023, ഡൽഹിയിൽ 5506, മധ്യപ്രദേശിൽ 4043 പുതിയ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു.
Story Highlights: Narendra Modi Gets Second Vaccine Dose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here