കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു വരുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത്. പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുത്തുറ്റതാക്കി രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകും. ഈ സാഹചര്യത്തില്‍ രോഗ വ്യാപന നിയന്ത്രണത്തിനാവശ്യമായ ഏറ്റവും പ്രധാന മാര്‍ഗം വാക്‌സിനേഷനാണ്.

നിലവില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കി വരുന്നത് കേരളത്തിലാണ്. ഏപ്രില്‍ 11 വരെ ഏകദേശം 48.25 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. 45 ദിവസം കൊണ്ട് പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആവശ്യമായ പദ്ധതി ആണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിലവില്‍ ഒരു ദിവസം ഏകദേശം രണ്ട് ലക്ഷം ഡോസ് വിതരണം ചെയ്യുന്നത് ഉയര്‍ത്തി ഏകദേശം മൂന്ന് ലക്ഷം ഡോസ് ആക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നു ദിവസം കൂടെ നല്‍കാനുള്ള വാക്‌സിന്‍ മാത്രമേ സ്റ്റോക്കില്‍ ഉള്ളൂ.

ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വാക്‌സിന്‍ ആവശ്യപ്പെട്ട് ഇതിനോടകം ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും കേന്ദ്ര ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടെങ്കിലും പുതിയ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് ഇക്കാര്യം കത്തു മുഖാന്തരം അറിയിച്ചു. 50 ലക്ഷം ഡോസ് വാക്‌സിനാണ് ആവശ്യപ്പെട്ടത്. എത്രയും വേഗത്തില്‍ ഇത് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top