തിരൂരില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരി മരിച്ചുവെന്ന് ആരോപണം

medical malpractice

മലപ്പുറം തിരൂര്‍ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് ആരോപണം. അനസ്‌തേഷ്യ നല്‍കിയതിലെ പിഴവുമൂലമാണ് ചികിത്സക്കെത്തിയ 3 വയസ്സുകാരി മരിച്ചത് എന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. അടുത്ത ബന്ധുക്കളുമായി ആശുപത്രി അധികൃതരും പോലീസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചത്.

തിരൂര്‍ തൃപങ്ങോട് സ്വദേശി ഖലീലുല്‍ ഇബ്രാഹീം ഉമ്മു ഹബീബ ദമ്പതികളുടെ മകളാണ് മരിച്ച മിര്‍സ. കട്ടിലില്‍ നിന്ന് വീണ് കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് മിര്‍സയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റര്‍ ഇട്ടതിന് ശേഷവും വേദന അനുഭവപെട്ടതോടെ ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇതിനായി അനസ്തേഷ്യ നല്‍കിയപ്പോഴുണ്ടായ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

പ്രതിഷേധവുമായി എത്തിയ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. എന്നാല്‍ പ്രതിഷേധം കനത്തതോടെ ആശുപത്രി അധകൃതര്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പരാതിയില്ലെന്ന് വ്യക്തമാക്കിയ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹവുമായി മടങ്ങി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

Story Highlights: Three-year-old girl dies in Tirur due to medical malpractice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top