കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ്; സർക്കാർ റിട്ട് ഹർജി നൽകിയേക്കും

Lokayukta Jaleel writ petition

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകിയേക്കുമെന്ന് സൂചന. സർക്കാരിന് നേരിട്ട് ഹർജി നൽകാമെന്ന് അഡ്വക്കേറ്റ് ജനറലിൻ്റെ നിർദ്ദേശം ലഭിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എജി പറഞ്ഞു. ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചില്ല. സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്നും എജി പറഞ്ഞു.

കെ.ടി ജലീൽ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധിക്കെതിരായ ഹർജി പരിഗണിക്കവെ ആയിരുന്നു ജലീലിന്റെ രാജി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതൻ വഴിയാണ് ജലീൽ രാജിക്കത്ത് കൈമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു.

ബന്ധുവായ കെ.ടി. അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ജലീലിന് മന്ത്രിയായി തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയിൽ പറഞ്ഞിരുന്നു. തുടർന്ന് കെ.ടി ജലീലിന് രാജിവയ്ക്കാൻ സമ്മർദമുണ്ടായിരുന്നു.

അതേസമയം, ലോകായുക്തയുടെ ഉത്തരവിൽ അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള കെ ടി ജലീലിന്റെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയിൽ ഇന്നലെ ഹർജി മാറ്റിവച്ചത്. ലോകായുക്ത ഉത്തരവ് നിയമപരമല്ല എന്നാണ് കെ ടി ജലീലിന്റെ പ്രധാന ആരോപണം.

Story Highlights: Lokayukta order against KT Jaleel; The government may file a writ petition

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top