ആൻറിച് നോർക്കിയക്ക് കൊവിഡ്

ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയക്ക് കൊവിഡ്. ഐപിഎലിനു മുന്നോടിയായി ഇന്ത്യയിലെത്തി ക്വാറൻ്റീനിൽ കഴിയവെയാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ക്വാറൻ്റീൻ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ വീണ്ടും 10 ദിവസം കൂടി നോർക്കിയ ക്വാറൻ്റീനിൽ കഴിയേണ്ടിവരും. തുടർന്ന് രണ്ട് ടെസ്റ്റുകൾ നെഗറ്റീവായാലേ താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയൂ.
ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ കളിക്കാനിരിക്കെയാണ് ഡൽഹിക്ക് തിരിച്ചടിയായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കൻ ടീമിലെ സഹതാരമായ കഗീസോ റബാഡയ്ക്കൊപ്പമാണ് നോർക്കിയ ഇന്ത്യയിൽ എത്തിയത്. റബാഡ ക്വാറൻ്റീൻ അവസാനിപ്പിച്ച് പരിശീലനത്തിന് ഇറങ്ങിയെങ്കിലും രാജസ്ഥാനെതിരെ ഇന്ന് കളിക്കാനിടയില്ല. കൊവിഡ് ബാധിച്ച് ക്വാറൻ്റീനിലുള്ള ഓൾറൗണ്ടർ അക്സർ പട്ടേലും ഇന്ന് കളിക്കില്ല.
അതേസമയം, കൈക്ക് പരുക്കേറ്റ് പുറത്തായ ഇംഗ്ലണ്ട്-രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎൽ നിന്ന് പുറത്തായി. പഞ്ചാബിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരുക്ക് പറ്റിയത്. പരുക്കേറ്റെങ്കിലും താരം ഇംഗ്ലണ്ടിലേക്ക് മടങ്ങില്ല. സ്റ്റോക്സിനു പകരം ഡേവിഡ് മില്ലർ ടീമിലെത്തി ജോസ് ബട്‌ലർ മനൻ വോഹ്റക്കൊപ്പം ഓപ്പൺ ചെയ്യുമെന്നാണ് വിവരം. ഓപ്പണറായ ലിയാം ലിവിങ്സ്റ്റണും സാധ്യതയുണ്ട്.
Story Highlights: Anrich Nortje tests positive for COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here