കേരള സാങ്കേതിക സർവകലാശാലയിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി
കേരള സാങ്കേതിക സർവകലാശാലയിൽ മാനേജ്മെൻ്റ് സീറ്റിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്ന് പരാതി. വിദ്യാർത്ഥികളുടെ പ്രവേശനം അനധികൃതമെന്നാണ് സർവകലാശാലയുടെ വിലയിരുത്തൽ. ഇതോടെ 23 കോളജുകളിൽ നിന്നുള്ള 235 വിദ്യാർത്ഥികൾക്ക് ഇന്ന് നടക്കുന്ന പരീക്ഷ എഴുതാൻ കഴിയില്ലെന്നാണ് വിവരം.
ഇന്നലെയാണ് ഈ വിദ്യാർത്ഥികൾ തങ്ങൾക്ക് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് മനസ്സിലായത്. കഴിഞ്ഞ വർഷത്തെ കൊവിഡ് സാഹചര്യം മൂലം ലാറ്ററൽ എൻട്രി വഴിയാണ് ഈ വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തത്. പ്ലസ് ടൂ മാർക്ക് അനുസരിച്ചാണ് കോളജുകൾ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയത്. ഇത് സർവകലാശാല അറിഞ്ഞിരുന്നില്ല. പിന്നീട് സർവകലാശാല പുറത്തിറക്കിയ റാങ്ക്‌ലിസ്റ്റിൽ വിദ്യാർത്ഥികളുടെ പേര് ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇങ്ങനെ ഒരു നീക്കം. 6 മാസത്തോളം പഠിക്കുകയും ലാബ് ടെസ്റ്റ് പൂർത്തിയാക്കുകയും ചെയ്ത വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ ഈ ദുര്യോഗം ഉണ്ടായിരിക്കുന്നത്.
ഇത് തങ്ങളുടെ പിഴവല്ലെന്നാണ് വിഷയത്തിൽ സർവകലാശാലയുടെ വിശദീകരണം. ഇക്കാര്യം നേരത്തെ അറിഞ്ഞ ചില കോളജ് അധികൃതർ ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിദ്യാർത്ഥികൾക്ക് ഇപ്പോൾ പരീക്ഷ എഴുതാം. അതേസമയം, കഴിഞ്ഞ മാസം തന്നെ വിവരം കോളജുകളെ അറിയിച്ചു എന്ന് സർവകലാശാല പറയുന്നു.
Story Highlights: complaint against ktu over exams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here