മൻസൂർ വധക്കേസ്; മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന് നേതൃത്വം നൽകിയ വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരാണ് പിടിയിലായത്. മോന്തോൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളാണ് വിപിനും സംഗീതും. മൻസൂറിന്റെ മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് പുല്ലൂക്കര സ്വദേശിയായ വിപിനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി രതീഷ് ആത്മഹത്യ ചെയ്തിരുന്നു.
Story Highlights: mansoor murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here