24 സന്യാസിമാർക്കു കൂടി കൊവിഡ്; കുംഭമേളയിൽ പ്രതിസന്ധി രൂക്ഷം

കൊവിഡ് പകർച്ചയുടെ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേള പ്രതിസന്ധിയിൽ. കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്കുകൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച സന്യാസിമാരുടെ എണ്ണം 54 ആയി. ഇവർ ഉൾപ്പെടെ കുംഭമേളയിൽ പങ്കെടുത്ത 1800 ഓളം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഉത്തരാഖണ്ഡ് സർക്കാർ ഇക്കാര്യം പരിഗണിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.
മഹാ നിർവ്വാണി അഖാഡയിലെ സന്യാസിവര്യൻ സ്വാമി കപിൽ അഖിൽ ദേവ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ഓൾ ഇന്ത്യ അഖാഡ പരിഷത്ത് അധിപൻ മഹാന്ദ് നരേന്ദ്ര ഗിരിക്ക് ഇന്ന് കൊവിഡ് സ്ഥിതീകരിച്ചു. 6 ദിവസത്തിനിടെയാണ് കുംഭമേളയിൽ പങ്കെടുത്ത 1800ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയിൽ പങ്കെടുക്കുന്ന 13 വിഭാഗങ്ങളിൽ രണ്ട് വിഭാഗങ്ങൾ മേള നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് ശക്തമായ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചതെങ്കിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത്സിങ്ങ് റാവത്ത് ഇതിന് വഴങ്ങിയിട്ടില്ല. മാസ്കും സാമൂഹ്യ അകലവും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മേള പുരോഗമിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.
കുംഭമേളക്ക് മുന്നോടിയായി ഏപ്രിൽ14ന് നടന്ന ഷാഹി സ്നാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. ഏപ്രിൽ 30നാണ് മേള അവസാനിക്കുക. മേഖലയിൽ ആർടി പിസിആർ പരിശോധന ഊർജിതമാക്കിയതായും സന്ന്യാസിമാർ തമ്പടിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.
Story Highlights: 24 more monks tested covid positive; Crisis intensifies in Kumbh Mela
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here