ബംഗാളിൽ ആശങ്ക ഉയർത്തി കൊവിഡ് നിരക്കിൽ വർധന; കൂടുതൽ സ്ഥാനാർത്ഥികൾക്ക് രോഗം

നാല് ഘട്ടങ്ങൾകൂടി വോട്ടെടുപ്പ് പൂർത്തിയാക്കാൻ ബാക്കിയുള്ള പശ്ചിമ ബംഗാളിൽ ആശങ്കപ്പെടുത്തി കൊവിഡ് നിരക്ക് കുത്തനെ കുതിച്ചുയരുന്നു. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങൾക്കുള്ളിൽ ഉയർന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി റെസൗൽ ഹഖ് മരിച്ചതിന് പിന്നാലെ കൂടുതൽ സ്ഥാനാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു.

മുർഷിദാബാദിലെ സംഷർഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി റെസൗൽ ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുർഷിദാബാദിലെ തന്നെ ജാൻകി പൂർ നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ആർ.എസ്.പിയിലെ പ്രദീപ് നന്ദി, ഗോൾപോഖർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗുലാം റബ്ബാനി, ജൽപാൽഗുരിയിലെ സ്ഥാനാർത്ഥി പി.കെ ബുർമ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാർത്ഥികളുടെ പട്ടിക.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊവിഡ് മരണ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് പശ്ചിമ ബംഗാൾ. ഇവിടത്തെ മരണ നിരക്ക് 1.7 ശതമാനമായി ഉയർന്നു. രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് നിരക്ക് കാണിക്കുന്ന മഹാരാഷ്ട്രയ്ക്ക് സമാനമാണ് ഈ സ്ഥിതിവിവരം. രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് പിന്നിലാണെങ്കിലും മരണനിരക്ക് ബംഗാളിൽ രൂക്ഷമാണ്. ഇക്കാര്യത്തിൽ പഞ്ചാബിനും സിക്കിമിനും പിന്നിൽ ബംഗാളാണെന്നാണ് കണക്കുകൾ.

Story Highlights: west bengal, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top