അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച 22 കോടി രൂപയുടെ ചെക്കുകൾ മടങ്ങി

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച 22 കോടി രൂപയുടെ ചെക്കുകൾ മടങ്ങി. 15,000നു മുകളിൽ ചെക്കുകളാണ് മടങ്ങിയത്. ക്ഷേത്ര നിർമാണത്തിനായി വിശ്വഹിന്ദു പരിഷത് സമാഹരിച്ചതാണ് ഈ ചെക്കുകൾ. ക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റിൻ്റെ ഓഡിറ്റ് പുറത്തുവന്നതോടെയാണ് ഈ വിവരം പുറത്തായത്.
നൽകിയ വ്യക്തിയുടെ അക്കൗണ്ടിൽ പണമില്ലാത്തതാണ് പ്രധാനമായും ചെക്കുകൾ മടങ്ങാൻ കാരണം. ഒപ്പ് തെറ്റിപ്പോയതോ, എഴുത്തിലെ പിശകുകളോ പോലുള്ള സാങ്കേതിക പ്രശ്നങ്ങളും ചെക്കുകൾ മടങ്ങാനുള്ള കാരണമായിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ചെക്കുകൾ ആ തരത്തിൽ തന്നെ പരിഹരിച്ച് പണമാക്കുവാൻ ബാങ്കുകളുമായി ശ്രമം നടത്തുന്നുണ്ട് എന്ന് ട്രസ്റ്റ് അംഗം ഡോ. അനിൽ മീസ്ര പറയുന്നു. സാങ്കേതിക പിഴവ് വന്ന ചെക്കുകൾ ഉടമകൾക്ക് ബാങ്കുകൾ തന്നെ തിരികെ നൽകുകയും തെറ്റ് തിരുത്തി തിരികെ വാങ്ങുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മടങ്ങിയ ചെക്കുകളിൽ 2000 എണ്ണവും അയോധ്യയിൽ നിന്ന് തന്നെ സ്വീകരിച്ച ചെക്കുകളാണെന്ന് ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. മറ്റ് ചെക്കുകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സ്വീകരിച്ചത്. മടങ്ങിയ ചെക്കുകൾ തിരികെ അയച്ച് പുതിയവ നൽകാൻ ആവശ്യപ്പെടുമെന്നും സ്വാമി ഗോവിദ് ദേവ് ഗിരി പറഞ്ഞു.
കഴിഞ്ഞ ജനുവരി 15 മുതൽ ഫെബ്രുവരി 17വരെയാണ് അയോധ്യ രാമക്ഷേത്രത്തിനായി വിഎച്ച്പി രാജ്യവ്യാപകമായി ധന സമാഹരണം നടത്തിയത്. ഈ പരിപാടിയിലൂടെ 5000 കോടി സമാഹരിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Story Highlights: Over 15,000 cheques received for Ram temple bounce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here