തൃശൂർ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് കർശന കൊവിഡ് നിയന്ത്രണങ്ങളോടെ

ആശങ്കകൾക്ക് ഒടുവിൽ തൃശൂർ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലെ താത്കാലിക കൊടിമരത്തിൽ ദേശക്കാരാണ് കൊടിയേറ്റുന്നത്. കർശന നിയന്ത്രണങ്ങളിലാണ് ഇത്തവണ പൂരം നടക്കുന്നത്.

നാളെ രാവിലെ 11.15 നും 12 നും ഇടയിൽ തിരുവമ്പാടിയിലും 11.30 നും 12.5 നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും.

കൊടിയേറ്റത്തിന് ശേഷമാണ് പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുന്നത്. പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടക്കുന്നതിനാൽ ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിൽ എത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല.

പക്ഷെ എല്ലാ ദിവസവും ക്ഷേത്രത്തിൽ പറ എടുക്കാമെന്ന് ദേവസ്യം ബോർഡ് അറിയിച്ചു. പൂരത്തിന് എത്തുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് , പാസ്സ് എടുത്ത വിവരങ്ങൾ ഉണ്ടായിരിക്കണം.

ഇത്തവണ പൂരം നടക്കുന്ന തേക്കുംകാട് മൈതാനത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം 16000 പേർക്ക് മാത്രമാണ് പ്രവേശിക്കാൻ അനുമതിയുള്ളത്. പരമാവധി ആളുകൾ എത്തുന്നത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.

Story Highlights: Thrissur Pooram , Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top