അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കായംകുളം, വള്ളികുന്നത്തെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ വള്ളിക്കുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.
കായംകുളം വള്ളിക്കുന്നത്ത് പതിനഞ്ചുകാരൻ അഭിമന്യുവിനെ കഴിഞ്ഞ വിഷു ദിനത്തിൽ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരാണ് ഇന്ന് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത്, സഹായി ജിഷ്ണു എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവർത്തകനുമായ അനന്തുവിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികൾ എത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാവുകയും അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഠാര കഴിഞ്ഞ ദിവസം പടയണിവെട്ടം ക്ഷേത്ര മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. എട്ടോളം പ്രതികളെയാണ് കേസിൽ ഇതുവരെ തിരിച്ചറിഞ്ഞത്. അവശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജിതമാണെന്നാണ് പൊലീസ് നിലപാട്.
Story Highlights: abhimanyu murder case 2 more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here