‘രമൺ ശ്രീവാസ്തവയെ കരുണാകരനെ അടിക്കാനുള്ള വടിയാക്കി; മറിയത്തേയും ഫൗസിയയേയും മർദിച്ചു’; ഐ.എസ്.ആർ.ഒ കേസിൽ നിർണായക വെളിപ്പെടുത്തൽ

ഐ.എസ്.ആർ.ഒ ചാരക്കേസിൽ കെ.കരുണാകരനെ അടിക്കാനുള്ള വടിയായി രമൺ ശ്രീവാസ്തവയെ വലിച്ചിഴച്ചുവെന്ന് മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും അഭിഭാഷകനായിരുന്ന പ്രസാദ് ഗാന്ധി. രമൺ ശ്രീവാസ്തവയെ മറിയം റഷീദയെയോ, ഫൗസിയ ഹസനോ കണ്ടിട്ട് പോലുമുണ്ടായിരുന്നില്ല. കേരള പൊലീസിന്റെ അന്വേഷണ സംഘത്തിൽപ്പെട്ടവർ കേസിൽ പ്രതികളായിരുന്ന മറിയം റഷീദയെയും ഫൗസിയ ഹസനെയും ക്രൂരമായി മർദിച്ചുവെന്നും അഭിഭാഷകനായിരുന്ന പ്രസാദ് ഗാന്ധി ട്വന്റിഫോറിനോട് പറഞ്ഞു.

ഫൗസിയ ഹസന്റെ വക്കാലത്തു ഏറ്റെടുത്തായിരുന്നു അഭിഭാഷകനായിരുന്ന പ്രസാദ് ഗാന്ധി ചാരക്കേസിൽ സജീവമാകുന്നത്. പിന്നീട് മറിയം റഷീദയ്ക്ക് വേണ്ടിയും കോടതിയിൽ ഹാജരായിട്ടുണ്ട്. മറിയം റഷീദയ്ക്കും ഫൗസിയ ഹസനും ക്രൂര പീഡനമേൽക്കേണ്ടി വന്നു. സിബി മാത്യൂസ്, ജോഷ്വ, വിജയൻ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്നും പ്രസാദ് ഗാന്ധി വ്യക്തമാക്കി.

ആർ.എസ്.എസും, സിപിഐഎമ്മും വക്കാലത്തുപേക്ഷിക്കാനും, കേസിൽ നിന്ന് പിന്മാറാനും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. വഴങ്ങാതെ വന്നപ്പോൾ ആക്രമിച്ചുവെന്നും പ്രസാദ് ഗാന്ധി പറഞ്ഞു. ചാരക്കേസിൽ ഏറ്റവുമധികം പീഡനമനുഭവിച്ചത് മറിയം റഷീദയും ഫൗസിയയുമാണ്. എന്നിട്ടും അവർക്ക് നീതി ലഭിച്ചില്ല. കേസിൽ പ്രതിയായിരുന്ന ചന്ദ്രശേഖരനും, ശർമ്മയും മരിക്കുംവരെ അപമാനഭാരത്താൽ ജീവിച്ചുവെന്നും പ്രസാദ് ഗാന്ധി കൂട്ടിച്ചേർത്തു.

Story Highlights: ISRO case, Raman sreevastava, Mariyam rasheeda, fauzia hassan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top