മെയ് 1ന് കരിദിനം ആചരിക്കും എന്ന് ടൂറിസം സംരക്ഷണ സമിതി

മെയ് 1ന് കരിദിനം ആചരിക്കും എന്ന് ടൂറിസം സംരക്ഷണ സമിതി. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന വ്യാപകമായി കറുത്ത മാസ്ക് ധരിച്ചും സോഷ്യൽ മീഡിയയിലൂടെ സേവ് ടൂറിസം ഹാഷ് ടാഗ് നൽകിയുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ടൂറിസം തൊഴിലാളികൾക്ക് അടിയന്തരമായി 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക, ടൂറിസ്റ്റുകളുടെ സഞ്ചാര നിയന്ത്രണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ടൂറിസം മേഖല കരിദിനം ആചരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കേരളത്തിൽ 13,644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നും വന്ന 3 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. 38 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി.
ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തിലാണ്. മന്ത്രിയുടെ മകനും മരുമകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മീറ്റിംഗുകളെല്ലാം ഓൺലൈൻ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here