മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ് മുംബൈ; ഡൽഹിക്ക് 138 റൺസ് വിജയലക്ഷ്യം

മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 138 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 137 റൺസ് നേടിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരക്ക് അത് മുതലെടുക്കാൻ കഴിഞ്ഞില്ല. 44 റൺസെടുത്ത രോഹിത് ശർമ്മയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി അമിത് മിശ്ര 4 വിക്കറ്റ് വീഴ്ത്തി.
പതിവിനു വിപരീതമായി മാർക്കസ് സ്റ്റോയിനിസും ആർ അശ്വിനും ചേർന്നാണ് ഡൽഹി ബൗളിംഗ് ഓപ്പൺ ചെയ്തത്. മൂന്നാം ഓവറിൽ ഡികോക്കിനെ (1) പുറത്താക്കി സ്റ്റോയിനിസ് ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുകയും ചെയ്തു. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത്-സൂര്യകുമാർ സഖ്യം ഡൽഹി പാളയത്തിലേക്ക് പട നയിച്ചു. ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് പവർപ്ലേയിൽ 55 റൺസ് അടിച്ചെടുത്തു. എന്നാൽ, സൂര്യകുമാർ യാദവിൻ്റെ (24) വിക്കറ്റ് വഴിത്തിരിവായി. അവേഷ് ഖാൻ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് മിശ്ര ഏറ്റെടുത്തു.
രോഹിത്, ഹർദ്ദിക് (0), പൊള്ളാർഡ് (2) എന്നിവർ മിശ്രക്ക് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങി. കൃനാൽ പാണ്ഡ്യ (1) ലളിത് യാദവിനും ഇരയായി. 6 വിക്കറ്റ് നഷ്ടത്തിൽ 84 എന്ന നിലയിൽ പതറിയ മുംബൈയെ ഏഴാം വിക്കറ്റിൽ ഇഷാൻ കിഷനും ജയന്ത് യാദവും ചേർന്ന് കരകയറ്റി. 39 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. കിഷനെ (26) പുറത്താക്കി മിശ്ര 4 വിക്കറ്റ് സ്വന്തമാക്കി. ജയന്ത് യാദവിനെ (23) റബാഡ പുറത്താക്കി. രാഹുൽ ചഹാർ (6) അവേഷ് ഖാനു മുന്നിൽ വീണു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here