കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്

കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം ചാമ്പ്യൻമാരായത്. നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലത്തിന്റെ രണ്ടാം കെപിഎൽ കിരിടമാണിത്.
രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്‌സിയും കെഎസ്ഇബിയും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കലാശ പോരാട്ടത്തിനിറങ്ങിയത്. കളിയുടെ തുടക്കത്തിൽ സാലിയോ ഗ്വിൻ്റോയിലൂടെ ഗോകുലം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 54ാം മിനുറ്റിൽ ത്രോബോളിലൂടെയുള്ള നീക്കത്തിനൊടുവിൽ എം വിഗ്‌നേഷ് കെഎസ്ഇബിയുടെ അക്കൗണ്ട് തുറന്നു. 79-ാം മിനുറ്റിൽ ഗോകുലം തിരിച്ചടിച്ചു. ഇടത് വിങിലൂടെയുള്ള നീക്കത്തിനൊടുവിൽ നിംഷാദ് റോഷന്റെ ലോങ്‌റേഞ്ചർ. ഇരുടീമും ഒപ്പത്തിനൊപ്പം.
ഇഞ്ചുറി ടൈമിലും ഇരുടീമുകൾ സമനില തുടർന്നതോടെ കളി അധിക സമയത്തേക്ക്. എക്‌സ്ട്രാ ടൈമിന്റെ 30ാം സെക്കൻഡിൽ തന്നെ ഗോകുലം ലീഡെടുത്തു. നിംഷാദ് റോഷൻ്റെ ഫ്രീകിക്ക് കെഎസ്ഇബി ഗോളി ഷൈൻ ഖാൻ തടഞ്ഞിട്ടതോടെ ഗോൾ പോസ്റ്റിന് മുന്നിൽ സ്വതന്ത്രനായി നിന്ന ഗണേശൻ്റെ ക്ലോസ് റേഞ്ചർ.
സീസണിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം. ചാമ്പ്യൻ നേട്ടത്തോടെ രണ്ടു തവണ കെപിഎൽ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഇനി ഏഷ്യൻ ചാമ്പ്യൻ പട്ടമാണ് ലക്ഷ്യമെന്ന് ടീം ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. ഐലീഗിന് പുറമേ കേരളാ ചാമ്പ്യന്മാരായതോടെ സ്വപ്നതുല്യമായ നേട്ടമാണ് ഗോകുലം സ്വന്തമാക്കിയിരിക്കുന്നത്.
Story highlights: Gokulam Kerala FC wins Kerala Premier League title
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here