തെരഞ്ഞെടുപ്പിൽ ചതിപ്രയോഗം നടന്ന സൂചന നൽകി ഫേസ്ബുക്ക് പോസ്റ്റ്; വിവാദത്തിന് പിന്നാലെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് എംഎൽഎ

മന്ത്രി ജി സുധാകരനെതിരായ പരാതിക്ക് പിന്നാലെ ആലപ്പുഴയിലെ സിപിഐഎമ്മിനെ കുരുക്കിലാക്കി യു പ്രതിഭ എംഎൽഎയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പിൽ ചതിപ്രയോഗം നടന്ന സൂചന നൽകുന്ന പോസ്റ്റ് വിവാദമായതോടെ പോസ്റ്റുകളും പിന്നാലെ പേജും പിൻവലിച്ച് എംഎൽഎ തടിയൂരി. പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കാട്ടി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്നായിരുന്നു ഇന്നലെ രാത്രി എംഎൽഎ ഫേസ്ബുക്കിലിട്ട വിവാദ പോസ്റ്റ്. ആരെ ഉദ്ദേശിച്ചാണ് പോസ്റ്റെന്ന് വിശദീകരിക്കണമെന്ന് കമന്റുകൾ നിറഞ്ഞു. ജി. സുധാകരനെ ഉന്നമിട്ടാണ് പോസ്റ്റന്ന് കമന്റുകളിൽ തന്നെ വിമർശനമുയർന്നു. പാർട്ടി അണികളും രൂക്ഷ വിമർശനമുയർത്തി. പിന്നാലെ എംഎൽഎ പോസ്റ്റ് മുക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വിശദീകരണക്കുറിപ്പ് ഇട്ടു. തുടർന്ന് അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്തു. പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയതായും എംഎൽഎയുടെ ഓഫിസ് വ്യക്തമാക്കി.

വിവാദങ്ങളോടുള്ള പ്രതികരണത്തിൽ യു. പ്രതിഭയെ പരോക്ഷമായി തള്ളുന്ന നിലപാടാണ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളിൽ അനാവശ്യ പോസ്റ്റ് ഇടരുതെന്ന് പാർട്ടി നിർദേശമുണ്ട്. പ്രതിഭയുടെ പോസ്റ്റ് ഏതു സാഹചര്യത്തിൽ ആണെന്ന് അറിയില്ല. വിശദീകരിക്കേണ്ടത് എംഎൽഎ തന്നെയെന്നും നാസർ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ എംഎൽഎയുടെ വിവാദ പോസ്റ്റിനെ കരുതലോടെയാണ് സിപിഐഎം ജില്ലാ നേതൃത്വം വീക്ഷിക്കുന്നത്. ജി സുധാകരനെതിരായ പരാതിക്കൊപ്പം പുതിയ വിവാദവും ജില്ലയിലെ പാർട്ടിക്ക് തലവേദനയായിരിക്കുകയാണ്.

Story highlights: U Prathibha, Facebook page

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top