മാസ്ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ

28606 cases wearing mask

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്കിനോടും മറ്റ് സുരക്ഷാ നിർദ്ദേശങ്ങളോടും മുഖം തിരിച്ച് പൊതുജനം. മാസ്ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം സിറ്റിയിലാണ് ഏറ്റവുമധികം കേസുകൾ. 4896 കേസുകളാണ് കൊല്ലം സിറ്റിയിൽ രജിസ്റ്റർ ചെയ്തത്. കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ് ഏറ്റവും കുറവ് കേസുകൾ, 201 വീതം.

സാമൂഹ്യ അകലം പാലിക്കാത്തതിന് 9782 കേസുകൾ രജിസ്റ്റർ ചെയ്തു. വീടിനു പുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്ര ചെയ്യുന്നവരും കൃത്യമായി മാസ്ക് ധരിക്കണം. ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ പോലും മാസ്ക് ഒഴിവാക്കാൻ പാടില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 26,995 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതുൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.

Story highlights: 28,606 cases were registered for not wearing a mask today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top