‘ദി ഹണ്ട്രഡിൽ’ കളിക്കാൻ ഇന്ത്യൻ താരങ്ങളും

BCCI players participate Hundred

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൽ ഇന്ത്യൻ താരങ്ങളും കളിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ അണ്ടർ 23 താരങ്ങൾക്ക് ടൂർണമെൻ്റിൽ പങ്കെടുക്കാൻ ബിസിസിഐ അനുമതി നൽകിയേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐപിഎലുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ പിന്തുണയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ തിരികെ അവരെ പിന്തുണയ്ക്കേണ്ടതാണെന്നും ബിസിസിഐ നിലപാട് എടുത്തു എന്നാണ് റിപ്പോർട്ട്.

100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ഈ വർഷം ജൂലായിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

ബിർമിങ്‌ഹാം ഫീനിക്സ്, ലണ്ടൻ സിപിരിറ്റ്, മാഞ്ചസ്റ്റർ ഒറിജിനൽസ്, നോർത്തേൺ സൂപ്പർചാർജേഴ്സ്, ഓവൽ ഇൻവിൻസിബിൾസ്, സതേൺ ബ്രേവ്, ട്രെൻ്റ് റോക്കറ്റ്സ്, വെൽഷ് ഫയർ എന്നിവകളാണ് ടീമുകൾ. ഇംഗ്ലണ്ട് ദേശീയ താരങ്ങളടക്കം നിരവധി രാജ്യാന്തര താരങ്ങൾ ടീമുകളിൽ കളിക്കും. കെയിൻ വില്ല്യംസൺ, ഷഹീൻ അഫ്രീദി, ആദം സാമ്പ, ഗ്ലെൻ മാക്സ്‌വൽ, മുഹമ്മദ് നബി, മുഹമ്മദ് ആമിർ, നിക്കോളാസ് പൂരാൻ, കഗീസോ റബാഡ, ഷദബ് ഖാൻ, ക്രിസ് ലിൻ, ആരോൺ ഫിഞ്ച്, മുജീബ് റഹ്മാൻ, സുനിൽ നരേൻ, ഡേവിഡ് വാർണർ, ആന്ദ്രേ റസൽ, മാർക്കസ് സ്റ്റോയിനിസ്, റാഷിദ് ഖാൻ, ഡാർസി ഷോർട്ട്, കീറോൺ പൊള്ളാർഡ് തുടങ്ങിയ വിദേശികളാണ് ഹണ്ട്രഡിൽ കളിക്കുക.

Story highlights: BCCI likely to allow Under-23 players to participate in ‘The Hundred’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top