Advertisement

മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വർധിച്ചു

April 23, 2021
Google News 2 minutes Read
Liquor smuggling Mahe Kerala

പുതുച്ചേരി സർക്കാർ മദ്യത്തിന് വില കുറച്ചതോടെ മാഹിയിൽനിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വർധിച്ചു. ഒരാഴ്ചക്കിടയിൽ കോഴിക്കോട് വടകരയിൽ നിന്ന് 888 കുപ്പി മാഹി മദ്യമാണ് എക്സൈസ്‌ സംഘം പിടികൂടിയത്.

ലോക്ക്ഡൗണിന് ശേഷം ഏർപ്പെടുത്തിയ അധിക നികുതി ഒഴിവാക്കിയതോടെയാണ് പുതുച്ചേരിയിൽ മദ്യത്തിന് വില കുറഞ്ഞത്. ഇതോടെ മദ്യക്കടത്ത് സജീവമായി. ഒരാഴ്ചയ്ക്കിടെ കാറിൽ മദ്യം കടത്തിയ കേസിൽ വടകരയിൽ മാത്രം രണ്ടുപേർ പിടിയിലായി. 486 കുപ്പി മദ്യവുമായി കോഴിക്കോട്‌ കുരുവട്ടുർ സ്വദേശി സിബീഷും 402 കുപ്പി മദ്യവുമായി ആലപ്പുഴ സ്വദേശി ജനിലുമാണ് പിടിയിലായത്. കണ്ണൂർ-കോഴിക്കോട്‌ ദേശീയപാതയിൽ മൂരാട്‌ പാലത്തിനു സമീപം വെച്ചാണ് ഇരുവരും അറസ്റ്റിലായത്.

എറണാകുളം മേഖലയിൽ വിതരണം ചെയ്യാനാണ് ജനിൽ മദ്യം കടത്തിയത്. കേരളത്തിൽ കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ ഉയർന്ന വിലയിൽ മാഹി മദ്യം വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

അതേസമയം, കൊവിഡ് വ്യാപനം ഉയരുന്നതിനാൽ സംസ്ഥാനത്ത് നാളെയും മറ്റന്നാളും മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബിവറേജുകളും 7.30ന് ബാറുകളും അടക്കും. തിങ്കളാഴ്ച മുതലേ ഇവ പിന്നീട് തുറന്നുപ്രവർത്തിക്കൂ. മദ്യശാലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം തിങ്കളാഴ്ചത്തെ യോഗത്തിൽ തീരുമാനിക്കും.

ശനിയും ഞായറും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം എന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

Story highlights: Liquor smuggling from Mahe to Kerala has increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here