സിദ്ധീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം: സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി 11 എംപിമാർ

സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 11 എംപിമാർ സംയുക്തമായി കത്ത് നൽകി. മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എൻവി രമണയ്ക്ക് പതിനൊന്ന് എംപിമാർ സംയുക്തമായി കത്ത് നൽകിയത്. മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ ചങ്ങലയിലാണ് കാപ്പൻ ആശുപത്രിയിൽ കഴിയുന്നത്. ഇപ്പോൾ കൊറോണ ബാധിതനുമാണ്.
ഹേബിയസ് കോർപ്പസ് അപേക്ഷ തീർപ്പാക്കുന്നതു വരെ സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാനും മഥുരയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും എംപിമാർ ആവശ്യപ്പെട്ടു. എം.പിമാരായ കെ സുധാകരൻ, കെ മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വികെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ, പി വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റീസിന് കത്ത് നൽകിയത്.
സിദ്ധീഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന സിദ്ധീഖ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടൽ ഉണ്ടായില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന വ്യക്തമാക്കി.
സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാൾ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി. സിദ്ധീഖ് കാപ്പനെ ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ലന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
Story highlights: MPs write to CJI to shift siddique kappan to AIIMS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here