എബി തുണച്ചു; ഡൽഹിക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ

dc need 172 rcb

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടിയത്. 75 റൺസെടുത്ത് പുറത്താവാതെ നിന്ന എബി ഡിവില്ല്യേഴ്സാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. രജത് പാടിദാർ 31 റൺസെടുത്തു. ഡൽഹിക്കായി മാർക്കസ് സ്റ്റോയിനിസ് ഒഴികെ എല്ലാ ബൗളർമാരും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

ഭേദപ്പെട്ട രീതിയിലാണ് ബാംഗ്ലൂർ ബാറ്റിംഗ് ആരംഭിച്ചതെങ്കിലും നാലാം ഓവറിൽ തന്നെ വിരാട് കോലിയെ (12) നഷ്ടപ്പെട്ടത് അവർക്ക് തിരിച്ചടിയായി. അവേഷ് ഖാനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ദേവ്ദത്തും (17) മടങ്ങി. ഇഷാന്ത് ശർമ്മയാണ് യുവതാരത്തെ മടക്കിയത്. 2 വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് എന്ന നിലയിൽ പതറിയ ബാംഗ്ലൂരിനെ മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്സ്‌വൽ-രജത് പാടിദാർ സഖ്യം മത്സരത്തിലേക്ക് തിരികെ എത്തിച്ചു. 30 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. മാക്സ്‌വലിനെ (25) പുറത്താക്കിയ അമിത് മിശ്ര ബാംഗ്ലൂരിനെ വീണ്ടും പ്രതിസന്ധിയിലാക്കി.

നാലാം വിക്കറ്റിലാണ് ബാംഗ്ലൂരിൻ്റെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഉയർന്നത്. പാടിദാറിനൊപ്പം ചേർന്ന ഡിവില്ല്യേഴ്സ് ഉറച്ചുനിന്ന് സ്കോർ ഉയർത്തി. 54 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. ഒടുവിൽ പാടിദാറിനെ (31) പുറത്താക്കിയ അക്സർ പട്ടേൽ ഡൽഹിക്ക് ബ്രേക്ക്‌ത്രൂ നൽകി. വാഷിംഗ്ടൺ സുന്ദർ (6) റബാഡയുടെ ഒരയായി മടങ്ങി. ഇതിനിടെ ഡിവില്ല്യേഴ്സ് ഫിഫ്റ്റി തികച്ചു. സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ 3 സിക്സർ അടക്കം 23 റൺസെടുത്ത ഡിവില്ല്യേഴ്സ് ആർസിബിയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു.

Story highlights: dc need 172 to win vs rcb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top