വി മുരളീധരന്റെ പരാമർശത്തിന് മറുപടി പറയണമെങ്കിൽ അതേ നിലയിൽ താഴണം: മുഖ്യമന്ത്രി

കേന്ദ്ര മന്ത്രി വി മുരളീധരൻ്റെ പരാമർശത്തിന് മറുപടി പറയണമെങ്കിൽ അതേ നിലയിൽ താഴണമെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. വാക്സിനുകൾ ഇല്ലെന്ന വസ്തുതയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര മന്ത്രിയുടെ ശ്രമം. കൊടകരയിൽ തട്ടിക്കൊണ്ടുപോയ കുഴൽപ്പണം ഏതു പാർട്ടിയുടേതെന്ന് പൊലീസിന് അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ വിമർശം. ഇതിനെതിരെയാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കൊടകര കുഴൽപ്പണത്തിനു പിന്നിൽ ഏതു രാഷ്ട്രീയ പാർട്ടിയെന്ന് പൊലീസിന് ബോധ്യമുണ്ടെന്നും കൂടുതൽ ഗൗരവമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടെണ്ണൽ ദിവസം കൗണ്ടിംഗ് സെൻററുകൾക്കു മുന്നിൽ ആൾക്കൂട്ടം അനുവദിക്കില്ല. മേയ് 2ന് വാരാന്ത്യ നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 32,819 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32 മരണങ്ങളും സ്ഥിരീകരിച്ചു. 1,41,199 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധനയാണ്.
ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. ജയിലുകളിലെ വ്യാപനം കണക്കിലെടുത്ത് തടവുകാർക്ക് പരോൾ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story highlights: pinarayi vijayan slams v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here