സ്മിത്തും വാർണറും നാട്ടിലേക്ക് മടങ്ങുന്നു എന്ന് റിപ്പോർട്ട്

smith warner return australia

ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഐപിഎൽ പാതിയിൽ നിൽക്കെ നാട്ടിലേക്ക് മടങ്ങുന്നു എന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഉയരുന്ന കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇരുവരും നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസ് താരമാണ് സ്മിത്ത്. വാർണർ ആവട്ടെ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനാണ്.

താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഐപിഎൽ ടീമുകൾക്ക് പ്രതിസന്ധിയായി മാറുകയാണ്. വിവിധ ടീമുകളിലുള്ള അഞ്ച് താരങ്ങളാണ് ഐപിഎലിൽ നിന്ന് പിന്മാറിയത്. പലരും ഇന്ത്യയിലെ കൊവിഡ് ബാധയും മാനസികാരോഗ്യവും പരിഗണിച്ചാണ് വിട്ടുനിൽക്കുന്നത്. ബയോബബിളിലെ ജീവിതം ദുഷ്കരമാകുന്നതും ചിലർ ഉയർത്തുന്ന കാരണമാണ്.

ആർസിബി താരങ്ങളായ ആദം സാംബ, കെയിൻ റിച്ചാർഡ്സൺ എന്നിവർക്കൊപ്പം ഡൽഹി ക്യാപിറ്റൽസിലെ ഇന്ത്യൻ താരം ആർ അശ്വിൻ, രാജസ്ഥാൻ റോയൽസ് താരങ്ങളായ ആന്ദ്രൂ തൈ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയ താരങ്ങളും ഐപിഎൽ മതിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു.

രാജസ്ഥാൻ റോയൽസാണ് ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്ന ടീം. ജോഫ്ര ആർച്ചർ സർജറി കഴിഞ്ഞതിനെ തുടർന്ന് സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ വിശ്രമത്തിലായിരുന്നു. ആദ്യ കളിയിൽ പരുക്കേറ്റതിനെ തുടർന്ന് ബെൻ സ്റ്റോക്സ് പിന്നീട് മടങ്ങി. ബയോ ബബിളിലെ ജീവിതം ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടി ലിയാം ലിവിങ്സ്റ്റണും ആന്ദ്രൂ തൈയും പിന്നീട് നാട്ടിലേക്ക് മടങ്ങി. ബാക്കപ്പ് ഓപ്ഷനായി ഇനി ഒരു വിദേശ താരം പോലും ടീമിലില്ല. ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവർ മാത്രമാണ് നിലവിൽ രാജസ്ഥാൻ റോയൽസിലുള്ള വിദേശ താരങ്ങൾ.

Story highlights: smith and warner may return to australia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top