കൊവിഡ് വാക്‌സിന്‍ വിതരണം; ഇനി മുതല്‍ മുന്‍ഗണന രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക്

kerala recieves six and half lakh covid vaccine dose

കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്‌സിന്‍ ഇനി മുതല്‍ സ്‌പോട്ട് അലോട്ട്മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്.

കൂടാതെ ആശാവര്‍ക്കര്‍മാരുടെയും തദ്ദേശ ജീവനക്കാരുടെയും സഹായം ഇതിനായി പ്രയോജനപ്പെടുത്തും. ആദ്യ ഡോസായി കൊവീഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് 6 മുതല്‍ 8 ആഴ്ചകള്‍ക്കിടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് നിലവിലെ തീരുമാനം. അതോടൊപ്പം കൊവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കും.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. എത്രയും വേഗം രണ്ടാം ഡോസ് വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ പുതിയ തീരുമാനം.

അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച ജില്ലകളില്‍ ചികിത്സാ സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

Story highlights: corona virus, covid 19, covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top