ഡികോക്കിനു ഫിഫ്റ്റി; മുംബൈക്ക് അനായാസ ജയം

രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ ജയം. 7 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനെ കീഴ്പ്പെടുത്തിയത്. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടക്കുകയായിരുന്നു. 70 റൺസെടുത്ത ക്വിൻ്റൺ ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്കോറർ. രാജസ്ഥാൻ റോയൽസിനു വേണ്ടി ക്രിസ് മോറിസ് 2 വിക്കറ്റ് വീഴ്ത്തി.
ടൂർണമെൻ്റിൽ ആദ്യമായി ഫോമിലെത്തിയ ക്വിൻ്റൺ ഡികോക്കാണ് മുംബൈ സ്കോറിംഗിനെ നയിച്ചത്. ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ രോഹിത് ശർമ്മ (14) പവർപ്ലേയിലെ അവസാന ഓവറിൽ പുറത്തായി. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്. സൂര്യകുമാർ യാദവും (16) വേഗം മടങ്ങി. മോറിസാണ് സൂര്യയെയും പുറത്താക്കിയത്.
മൂന്നാം വിക്കറ്റിൽ കൃണാൽ പാണ്ഡ്യയും ക്വിൻ്റൺ ഡികോക്കും തമ്മിൽ ഉയർത്തിയ കൂട്ടുകെട്ടാണ് രാജസ്ഥാനെ മത്സരത്തിൽ നിന്ന് പൂർണമായും പുറത്താക്കിയത്. ഡികോക്കിനെപ്പോലും കാഴ്ചക്കാരനാക്കി അനായാസം ബൗണ്ടറികൾ കണ്ടെത്തിയ കൃണാൽ മുംബൈയെ പോൾ പൊസിഷനിൽ നിർത്തി. ഇതിനിടെ ഡികോക്ക് ഫിഫ്റ്റി തികച്ചു. 39 റൺസെടുത്ത കൃണാലിലെ പുറത്താക്കിയ മുസ്തഫിസുർ ഈ കൂട്ടുകെട്ട് പൊളിച്ചു. 63 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് കൃണാൽ മടങ്ങിയത്.
പിന്നാലെയെത്തിയ പൊള്ളാർഡും അനായാസം ബൗണ്ടറികൾ കണ്ടെത്തിയതോടെ മുംബൈ ജയത്തിലേക്ക് കുതിച്ചു. പൊള്ളാർഡും (16) ഡികോക്കും (70) ചേർന്ന് മുംബൈയെ വിജയിപ്പിക്കുകയായിരുന്നു.
Story highlights: mi won against rr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here