വാക്‌സിന്‍ ലഭ്യതക്കുറവ്; 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷനില്‍ അനിശ്ചിതത്വം

vaccine side effects will go within2 days says cm

രാജ്യത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനം നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ കുത്തിവയ്പ് ഉടനുണ്ടാകില്ലെന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇപ്പോള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും 18 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ശനിയാഴ്ച തുടങ്ങാന്‍ സാധിക്കില്ല.

ലഭ്യമായ സ്ഥിതി വിവരപ്രകാരം രാജ്യത്ത് 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 60 കോടിയാണ്. അതായത് ഇവര്‍ക്ക് നല്‍കാന്‍ 120 കോടി ഡോസ് വാക്‌സിന്‍ വേണം. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിമാസ വാക്‌സിന്‍ ഉത്പാദനം ഏഴ് കോടി ഡോസ് മാത്രമാണ്. എത്ര കിണഞ്ഞ് പരിശ്രമിച്ചാലും അടുത്ത മാസങ്ങളില്‍ പ്രതിമാസ ഉല്‍പ്പാദനം 11.512 കോടി ഡോസ് വരെ മാത്രമേ ഉയരൂ എന്നാണ് വാക്‌സിന്‍ ഉത്പാദകരുടെ നിലപാട്.

അതിനാല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവിലെ ഉത്പാദനത്തോത് പ്രകാരം ഒരു വര്‍ഷത്തിലേറെ വേണ്ടി വരും. അതായത് പ്രഖ്യാപിച്ച വേഗതയില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എല്ലാം സമ്പൂര്‍ണമായി വാക്‌സിന്‍ നല്‍കാന്‍ രാജ്യത്തിന് സാധിക്കില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ കടുത്ത വാക്‌സിന്‍ ക്ഷാമമാണ് എതാണ്ട് എല്ലാ സംസ്ഥാനങ്ങളും നേരിടുന്നത്. കേരളമടക്കമുള്ള എതാണ്ട് എല്ലാ സംസ്ഥാനങ്ങളും വാക്‌സിന് ആവശ്യം നിര്‍മാതാക്കളെ അറിയിച്ചു.

എന്നാല്‍ വാക്‌സിന്‍ നല്‍കാന്‍ മാസങ്ങളുടെ സാവകാശമാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കര്‍ണാടക, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര, ഒഡിഷ, ഡല്‍ഹി, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, തമിഴ്നാട്, ജമ്മു -കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ശനിയാഴ്ച മുതല്‍ വാക്സിന്‍ നല്‍കാനാകില്ല എന്ന് ഇതിനകം വ്യക്തമാക്കി. രണ്ടര കോടി യുവജനങ്ങള്‍ ഇതുവരെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേന്ദ്രം നല്‍കിയ ഒരു കോടി ഡോസ് വാക്സിന്‍ മാത്രമാണ് സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കകം 19.81 ലക്ഷം ഡോസ് കൂടി കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി.

Story highlights: covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top