കൊവിഡ് ടെസ്റ്റ് നടത്താത്ത ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല: എറണാകുളം കളക്ടർ

കൊവിഡ് ടെസ്റ്റ് നടത്താത്ത ഒരാളെപ്പോലും നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. ഇന്നും നാളെയും പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും. ജില്ലയിൽ ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ലാബുകൾ കൂടുതൽ പണം വാങ്ങിയാൽ നടപടി സ്വീകരിക്കും എന്നും ആശുപത്രികളിൽ രോഗികളെ പാർപ്പിക്കാൻ പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയിരുന്നു. സംസ്ഥാന തല വിദഗ്ധ സമിതിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ശുപാർശ ചെയ്തു. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും. അഗ്നിശമനസേന, നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കും. വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ 37,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 330 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 113 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Story highlights: no one who does not test for covid allowed in counting centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here