തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം നീക്കേണ്ട സാഹചര്യമില്ല: സുപ്രിംകോടതി

മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരസിച്ച് സുപ്രിംകോടതി. ഹൈക്കോടതിയുടെ വിമര്‍ശനം മൂര്‍ച്ചയുള്ളതാണെങ്കിലും, ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, പരാമര്‍ശങ്ങള്‍ നീക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു.
മദ്രാസ് ഹൈക്കോടതി പരാമര്‍ശങ്ങള്‍ രൂക്ഷവും, അനവസരത്തിലുള്ളതുമാണ്. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാര്‍ സംയമനം പാലിക്കേണ്ടതുണ്ട്. എടുത്തുചാടിയുള്ള പരാമര്‍ശങ്ങള്‍ പാടില്ലായിരുന്നു. പക്ഷെ, ഹൈക്കോടതി പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ ഉത്തരവിന്റെ ഭാഗമായി വരുന്നതല്ല. അതിനാല്‍ തന്നെ പരാമര്‍ശങ്ങള്‍ നീക്കേണ്ട സാഹചര്യമില്ല.
മഹാമാരിക്കാലത്ത് ഹൈക്കോടതികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും സുപ്രിംകോടതി വ്യക്തമാക്കി. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ല. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൗലികാവകാശത്തിന്റെ ഭാഗമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു. ജനാധിപത്യത്തെ സജീവമാക്കി നിര്‍ത്താന്‍ മാധ്യമങ്ങള്‍ സജീവ പങ്ക് വഹിക്കുന്നുവെന്നും, ജുഡീഷ്യറിയെ ഉത്തരവാദിത്തമുള്ളവരാക്കാന്‍ കോടതി റിപ്പോര്‍ട്ടിംഗ് ആവശ്യമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Story Highlights: covid 19, madras high court, election commission, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here