തമിഴ്നാട്ടിൽ വിതരണം ചെയ്യാനായി 450 ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകി ചെന്നൈ സൂപ്പർ കിംഗ്സ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സ്. സംസ്ഥാനത്ത് വിതരണം ചെയ്യാനായി 450 ഓക്സിജൻ കോൺസൺട്രേറ്ററുകളാണ് സിഎസ്കെ ഒരുക്കിയിരിക്കുന്നത്. ഇവ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനു കൈമാറിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ഭൂമിക ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ഇവ വിതരണം ചെയ്യും.
“തമിഴ്നാട്ടിലെ ജനങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ഹൃദയമിടിപ്പാണ്. മഹാമാരിക്കെതിരായ ഈ പോരാട്ടത്തിൽ നമ്മൾ എല്ലാവരും ഒരുമിച്ചാണെന്ന് അവരെ അറിയിക്കുകയാണ്. – സിഎസ്കെ സിഇഓ കെഎസ് വിശ്വനാഥൻ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൊവിഡ് ബോധവത്കരണം കൃത്യമായി നടത്തുന്ന ഒരു ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ‘മാക്സ് പോട്’ (മാസ്ക് ധരിക്ക്) എന്ന ക്യാമ്പയിനാണ് അവർ നടത്തുന്നത്.
അതേസമയം, കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലും തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മെയ് പത്ത് മുതൽ 24 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങൾ ഒഴികെ നിരോധനം ഉണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്‌നാട്ടിൽ വിലക്ക് ഏർപ്പെടുത്തി. തമിഴ്‌നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾക്ക് മാത്രമായിരിക്കും അനുമതി.
Story Highlights: Chennai Super Kings Arranges 450 Oxygen Concentrators
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here